Health

പന്നിയുടെ ശ്വാസകോശം മനുഷ്യനിലേക്ക് മാറ്റിവച്ചു; ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ 9 ദിവസങ്ങള്‍ !

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മനുഷ്യന്‌ മാറ്റിവച്ചു. തുടര്‍ന്നു ഒന്‍പത്‌ ദിവസം രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്‌ പന്നിയുടെ ശ്വാസകോശം. വിവിധ ജീവികള്‍ തമ്മിലുള്ള അവയവ കൈമാറ്റത്തിനു തുടക്കമെന്നു ഗവേഷകര്‍. ചൈനയിലെ ഗ്വവാങ്‌ഷാങ്‌ സര്‍വകലാശാലയിലെ ഗവേഷകരാണു പന്നി ശ്വാസകോശം മനുഷ്യനില്‍ പരീക്ഷിച്ചത്‌.

ദശാബ്‌ദങ്ങളായി രോഗികളെ രക്ഷിക്കനായി മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നുണ്ട്‌. വൃക്ക, ഹൃദയം എന്നിവ ഇങ്ങനെ മാറ്റിവച്ചിട്ടുണ്ട്‌. ജനിതകമായി മാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മസ്‌തിഷ്‌ക മരണം സംഭവിച്ച 39 വയസുള്ള യുവാവിന്റെ ശരീരത്തിലാണു സ്‌ഥാപിച്ചത്‌. ഒമ്പത്‌ ദിവസത്തോളം ആ അവയവം ‘പ്രവര്‍ത്തനക്ഷമമായി’ തുടര്‍ന്നു. മനുഷ്യര്‍ക്ക്‌ പന്നിയുടെ ശ്വാസകോശത്തെ ആശ്രയിക്കാനാകുമെന്ന സൂചനയാണു ഗവേഷണം നല്‍കിയത്‌. എങ്കിലും പന്നിയുടെ ശ്വാസകോശം സാധാരണ രോഗികളില്‍ വച്ചുപിടിപ്പിക്കാന്‍ ഇനിയും പതിറ്റാണ്ടുകളുടെ ഗവേഷണം വേണമെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.

പന്നികളുടെ വൃക്കകളും ഹൃദയങ്ങളും കരളുകളും മനുഷ്യരിലേക്ക്‌ മാറ്റുന്നതിന്റെ സാധ്യത മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍, സങ്കീര്‍ണത, വായുവിലെ വിഷവസ്‌തുക്കള്‍ എന്നിവ കാരണം ശ്വാസകോശങ്ങളുടെ ട്രാന്‍സ്‌പ്ലാന്റേഷന്‍ വലിയ വെല്ലുവിളിയാണെന്നാണു ഗവേഷകര്‍ പറയുന്നത്‌. ചൈനീസ്‌ ബാമക്‌സിയാങ്‌ പന്നിയില്‍ ജനിതക മാറ്റം വരുത്തിയാണു മനുഷ്യന്‌ അനുയോജ്യമായ ശ്വാസകോശം തയാറാക്കിയത്‌.

ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം മനുഷ്യന്റെ പ്രതിരോധ സംവിധാനം പുതിയ ശ്വാസകോശത്തെ നിരസിക്കാതിരിക്കാന്‍ ചില ആന്റിജനുകളെ നീക്കം ചെയ്യേണ്ടിവന്നു. ക്രിസ്‌പര്‍ എഡിറ്റിങ്ങിലൂടെയാണു ജീനുകളെ എഡിറ്റ്‌ ചെയ്‌തത്‌. തുടര്‍ന്നാണു മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്‌തിക്കു പന്നിയുടെ ശ്വാസകോശം നല്‍കിയത്‌. (മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്‌തി ചൈനീസ്‌ നിയമ പ്രകാരം മരണപ്പെട്ടതായി സ്‌ഥിരീകരിച്ചിരിക്കുന്നു). ലൈഫ്‌ സപ്പോര്‍ട്ട്‌ മെഷീന്‍ ഹൃദയത്തെ മിടിക്കുന്നതിനും ശ്വാസകോശങ്ങള്‍ വായു ശ്വസിക്കുന്നതിനും സഹായിച്ചു.

പ്രതിരോധ സംവിധാനം ആദ്യമൊക്കെ പന്നിയുടെ ശ്വാസകോശവുമായി ഒത്തുപോയി. ആറാം ദിവസം ശ്വാസകോശത്തെ ശരീരം തിരസ്‌കരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഒമ്പതാം ദിവസം പരീക്ഷണം അവസാനിപ്പിച്ചു.

എങ്കിലും തുടര്‍ ഗവേഷണ സാധ്യതകള്‍ നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പേപ്പറില്‍ വിശദീകരിക്കുന്നുണ്ട്‌. ലോകമെമ്പാടും അവയവങ്ങളുടെ അഭാവം എന്ന പ്രതിസന്ധിക്ക്‌ ക്‌സീനോട്രാന്‍സ്‌പ്ലാന്റേഷന്‍ പരിഹാരം കാണുമെന്നും ഫലങ്ങള്‍ കാണിക്കുന്നു.
ആന്തരീക അവയവങ്ങളുടെ ഘടനയുടെ കാര്യത്തില്‍ മനുഷ്യരും പന്നികളും വളരെ സാമ്യമുള്ളവയാണ്‌, അതിനാല്‍ പുതിയ ചികിത്‌സകള്‍ വികസിപ്പിക്കുന്നതിനുള്ള മാതൃകയായി ഈ സ്‌പീഷീസ്‌ സാധാരണയായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ശ്വാസകോശ തിരസ്‌കരണവും അണുബാധയും സംബന്ധിച്ച ഗണ്യമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നു.

ഉയര്‍ന്ന രക്‌തപ്രവാഹവും പുറം വായുവിനുള്ള സമ്പര്‍ക്കവും ശ്വാസകോശത്തെ അണുബാധയ്‌ക്കു സാധ്യതയുള്ളതാക്കുന്നു. അലബാമയിലെ സ്‌ത്രീയായ ടോവാന ലൂണി ജനിതകമായി എഡിറ്റ്‌ ചെയ്‌ത പന്നിയുടെ വൃക്കയുമായി 60 ദിവസമാണു ജീവിച്ചത്‌.