Health

കുഞ്ഞുങ്ങളെ ചുംബിക്കാൻ പാടില്ല ? എന്തുകൊണ്ടെന്ന് പഠനം പറയുന്നു

ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ആദ്യ പ്രതികരണം അവരുടെ കവിളിലോ നെറ്റിയിലോ ചുംബിക്കുക എന്നതാണ്. അവരുടെ മനോഹരമായ രൂപവും നൈര്‍മല്യവും നിഷ്കളങ്കതയുള്ള ചിരിയും കാണുമ്പോള്‍ അത്തരം തോന്നൽ ആരിലും ഉണ്ടായിപ്പോകും. എന്നാല്‍ ഇക്കാര്യത്തില്‍ ത്ര സന്തോഷകരമല്ലാത്ത ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കുഞ്ഞുങ്ങളെ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രിംറോസ് ഫ്രീസ്റ്റോണിന്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള അണുബാധയുള്ളവര്‍.

കാരണം, ഒരു കുഞ്ഞിന് രോഗപ്രതിരോധ ശേഷി നേടിയെടുക്കണമെങ്കിൽ ദീർഘനാൾ ആവശ്യമാണ്. ചെറു പ്രായത്തിൽ അവരിൽ അതിവേഗം അണുബാധ പിടിപെടാനുള്ള സാധ്യതയേറെയാണ് . ജനിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളിൽ കുഞ്ഞിന്റെ പ്രതിരോധശേഷി വളരെ ദുർബലമായിരിക്കും. അസുഖബാധിതരായ ആളുകള്‍ കുഞ്ഞുങ്ങളുമായി ഇത്തരത്തിൽ ഇടപഴകുന്നത് കുഞ്ഞിൽ അണുബാധകൾ ഉണ്ടാക്കുകയും അവരുടെ ജീവൻ പോലും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകും.

നവജാത ശിശുക്കൾക്ക് മുതിർന്ന കുട്ടികളെക്കാൾ ബാക്ടീരിയയിൽ നിന്നുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. കുഞ്ഞിന്റെ കോശങ്ങൾക്കുള്ളിൽ അതിവേഗം പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ .
ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്ത അണുബാധകൾ എന്നിവയ്ക്ക് കാരണമാകുന്നു . മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ഹാനികരമല്ലാത്ത ഇ.കോളി സ്‌ട്രെയിനുകൾ പോലും ശിശുക്കളിൽ സെപ്‌സിസിനും ന്യുമോണിയയ്ക്കും കാരണമാകും.

നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

നല്ല ശുചിത്വം പാലിക്കുക: നിങ്ങൾ ഒരു കുഞ്ഞിനെ കാണുമ്പോൾ അവരെ എടുക്കുന്നതിനും തൊടുന്നതിനും മുൻപായി കൈകൾ നന്നായി കഴുകിയെന്ന് ഉറപ്പാക്കുക. അവരുടെ മുഖത്ത് ചുംബിക്കുന്നതിനുപകരം, നിങ്ങൾക്ക് അവരുടെ പാദങ്ങളിലോ തലയുടെ പുറകിലോ ചുംബിക്കാം.

അണുബാധ ഉണ്ടെങ്കിൽ കുഞ്ഞുങ്ങളെ സന്ദർശിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കുഞ്ഞിന് ഒരു മാസത്തിൽ താഴെയാണ് പ്രായമെങ്കിൽ.

മാതാപിതാക്കൾ പറയേണ്ടത്

കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഒരു സന്ദർശകനോട് അവരുടെ കുഞ്ഞിനെ ചുംബിക്കരുതെന്ന് ആവശ്യപ്പെടുന്നത് മര്യാദകേടാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും, അവർ ആദ്യം കുഞ്ഞിന്റെ ആരോഗ്യത്തിന് മുൻഗണന നൽകുകയും കുഞ്ഞിന്റെ മുഖത്ത് ചുംബിക്കുന്നത് ഒഴിവാക്കാൻ സന്ദര്‍ശകരോട് ആവശ്യപ്പെടുകയും ചെയ്യാന്‍ മടിക്കേണ്ടതില്ല.