വീട്ടില്‍ ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ചെടികള്‍ വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് ചെടികളുടെ ഭംഗി, നിറം, വലിപ്പം എന്നിവയൊക്കെയായിരിക്കും. പല തരത്തിലുള്ള ചെടികള്‍ കൊണ്ട് വീടുകള്‍ ഭംഗിയാക്കുന്നവരുണ്ട്.എന്നാല്‍ ഇത്തരത്തിലുള്ള ചില ചെടികള്‍ക്കെങ്കിലും നമ്മള്‍ അറിയാതെ പോകുന്ന ദോഷവശങ്ങളുണ്ടാകാം. അത് നോക്കാം.
ലില്ലി ചെടി
പൊതുവേ വീടുകളില്‍ വളര്‍ത്തുന്നതാണ് ലില്ലി ചെടി. എന്നാല്‍ ഇതിലെ ചില ഇനങ്ങള്‍ നിങ്ങളുടെ വളര്‍ത്ത് പൂച്ചയ്ക്ക് ദോഷം ചെയ്യും. ഇവയുടെ ഇല മുതല്‍ പൂക്കള്‍ വരെ പൂച്ചകള്‍ക്ക് വിഷബാധ ഏല്‍ക്കുന്നതിന് കാരണമാകും. കാല്ല ലില്ലി, ഈസ്റ്റര്‍ ലില്ലി, റൂബ്രം ലില്ലി, ടൈഗര്‍ ലില്ലി, ഏഷ്യന്‍ ലില്ലി എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ നിന്നും വിഷബാധ ഏറ്റ് കഴിഞ്ഞാല്‍ വളര്‍ത്തുപൂച്ചകള്‍ക്ക് ഛര്‍ദ്ദി, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം.
അമരാന്തസ്
ഭംഗി കാരണം ആരെയും ആകര്‍ഷിക്കുന്ന അമരാന്തസിലെ വില്ലന്‍ അതിന്റെ പൂമ്പൊടിയാണ്. അധികമായി പൂമ്പൊടി ഉണ്ടാവുന്നതിനാല്‍ അലര്‍ജികള്‍ ഉള്ളവര്‍ക്ക് ഈ ചെടിയുടെ സാന്നിധ്യം അപകടകരമാണ്.
ഇംഗ്ലീഷ് ഐവി
ഹാങ്ങിങ് ഇനത്തില്‍പ്പെടുന്ന ചെടിയാണിത്. കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത് ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. എന്നാല്‍ ഈ ചെടി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ചില ദോഷ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കിന് അലര്‍ജി ഉണ്ടാക്കുന്നതിനുള്ള സാധ്യത അധികമാണ്. ചെടിയുടെ ഏതെങ്കിലും ഭാഗം അറിയാതെ വായിലെത്തയാല്‍ നേരിയ വിഷബാധയേല്‍ക്കാം.
ഫിലോഡെന്‍ഡ്രോണ്‍
ഇതൊരു ഇന്‍ഡോര്‍ പ്ലാന്റാണ്. വളരെ ഡിമാന്‍ഡുള്ള ചെടികൂടിയാണിത്. വ്യത്യസ്ത ആകൃതിയിലുള്ള ഇലകളാണ് ഇതിന് കാണപ്പെടുന്നത്. എന്നാല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ദോഷകരമായ കാല്‍സ്യം ഓക്സലെറ്റ് ക്രിസ്റ്റലുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഉള്ളിലെത്തിയാല്‍ വായ, ദഹനനാളം എന്നിവയില്‍ ചൊറിച്ചില്‍, വീക്കം എന്നിവ അനുഭവപ്പെടാം.