അടുത്ത കാലത്തായി, ഇന്ത്യയില്‍ തലയിലും കഴുത്തിലും കാന്‍സര്‍ ബാധിച്ച രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ദന്ത ശുചിത്വമില്ലായ്മ മുതൽ വെറ്റില, പുകയില എന്നിവയുടെ ഉപയോഗം വരെ ഇതിനു കാരണമാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് തലയിലും കഴുത്തിലും കാൻസർ പിടിപെടുന്നത്?
പുണ്യശ്ലോക് ഹെഡ് ആന്‍ഡ് നെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍ ഡോ. പ്രതമേഷ് എസ്. പൈ പറഞ്ഞത് ഇങ്ങനെ: ‘തലയിലും കഴുത്തിലും ഉള്‍പ്പെടെ വരുന്ന സ്ക്വാമസ് സെല്ലുകളിൽ ആരംഭിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ അളവ് ഇന്ത്യയിലെ യുവജനതയ്ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2030-ഓടെ രോഗികളുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവാണ് പ്രവചിക്കപ്പെടുന്നത്. ഒമ്പത് ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഈ കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്, എന്നാല്‍ അതില്‍ ഭൂരിഭാഗവും തടയാവുന്നതുമാണ്.
സ്‌ക്വാമസ് സെല്‍ ക്യാന്‍സറുകളാണ് ഏറ്റവും സാധാരണമായ ക്യാന്‍സറുകള്‍, 80 ശതമാനവും ഇത് ബാധിക്കുന്നത് പുകയില, വെറ്റില, മദ്യപാനം എന്നിവയുടെ ഉപയോഗം മൂലമാണ്. ക്യാന്‍സര്‍ ബാധിക്കപ്പെടാന്‍ പുറത്തറിയാന്‍ 8 മുതല്‍ 10 വര്‍ഷം വരെ എടുക്കും, ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഇത് തടയാനാകും.
ഒരു ശരാശരി ഇന്ത്യക്കാരന്‍ ഓരോ ഭക്ഷണത്തിനു ശേഷവും പല്ല് തേക്കുന്നതും വായ കഴുകുന്നതും അപൂര്‍വമാണ്, കൂടാതെ വര്‍ഷം തോറും ദന്തപരിശോധന നടത്താറുമില്ല. പുകയിലയും വെറ്റിലയും വായില്‍ വെച്ചാണ് പലരും ഉറങ്ങുന്നത്. വായിലെ അര്‍ബുദങ്ങളില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നാണ് കവിള്‍ അര്‍ബുദം, തൊട്ടുപിന്നാലെ നാക്ക് അര്‍ബുദവും.
ഇന്ത്യയില്‍ രോഗം ബാധിച്ചശേഷം ശരാശരി 6 മാസത്തിനുശേഷമമാകും ഓറല്‍ ക്യാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തുന്നത്. അപ്പോഴേയ്ക്കും മിക്ക അര്‍ബുദങ്ങളും അടുത്തഘട്ടങ്ങളിലേയ്ക്ക് എത്തിയിരിക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ ചെലവുള്ള ഒന്നിലധികം ചികിത്സകള്‍ ആവശ്യമായി വരുന്നു.
പല്ലിലെ പോടിനുള്ളിലെ എന്തെങ്കിലും വളര്‍ച്ച, മോണയില്‍ നിന്നുള്ള ഏതെങ്കിലും അസാധാരണ രക്തസ്രാവം, വിഴുങ്ങുന്നതില്‍ എന്തെങ്കിലും മാറ്റം, തുടരുന്ന ശബ്ദത്തില്‍ വരുന്ന മാറ്റം, കഴുത്തിലെ ഏതെങ്കിലും വളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളെ ഗൗരവമായി കാണുകയും ഡോക്ടറെ സമീപിക്കുകയും വേണം.
തലയിലെയും കഴുത്തിലെയും കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ തൊണ്ടവേദന, ശബ്ദം മാറല്‍, വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നിവ ക്യാന്‍സറിന്റെ ഓരോ ഘട്ടത്തെ അടിസ്ഥാനമാക്കി, ആരോഗ്യ വിദഗ്ധര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നു.