തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധിയാഘോഷിക്കാനെത്തിയ വിനോദ സഞ്ചാരി ഒരു ഹോട്ടൽ ജീവനക്കാരനോട് പേയ്മെന്റിന്റെ പേരിൽ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. കുടുംബത്തോടൊപ്പം എത്തിയ ഇയാൾ ഹോട്ടലിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട പണമിടപാട് പ്രശ്‌നത്തെ തുടർന്നാണ് ഹോട്ടൽ ജീവനക്കാരനോട് തട്ടിക്കയറിയത്.
വൈറൽ വീഡിയോയിൽ, രോഷാകുലനായ ഇയാൾ ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌ക് ജീവനക്കാരോട് അമിതമായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ചു ശബ്ദമുണ്ടാക്കുന്നത് കാണാം. മറ്റു ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ശാന്തനാകാൻ തയ്യാറാകുന്നില്ല. ഇതിനിടയിൽ ഇയാൾ ഒരു വനിതാ സ്റ്റാഫ് അംഗത്തിന് നേരെ തട്ടിക്കയറുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ തന്റെ കുടുംബത്തിന് മുന്നിൽ വെച്ച് ഇയാൾ ജീവനക്കാരോട് അസഭ്യ ഭാഷയിൽ സംസാരിക്കുന്നുമുണ്ട്.
തെറ്റിദ്ധാരണ മൂലമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ചെക്ക്-ഇൻ സമയത്ത് ഹോട്ടൽ ഇയാളുടെ ക്രെഡിറ്റ് കാർഡ് തടഞ്ഞുവെച്ചതിനാൽ , ഇയാളുടെ ബന്ധുക്കളിൽ ഒരാളാണ് രണ്ട് ദിവസം ഹോട്ടലിൽ താമസിച്ചതിന്റെ പണം നൽകിയത്. എന്നാൽ ഹോട്ടൽ ജീവനക്കാർ രണ്ട് തവണ ചാർജ് ഈടാക്കിയെന്നാണ് ഇയാൾ ആരോപിച്ചത്. കൂടെയുള്ള ആൾ പണം നേരത്തെ അടച്ചെന്നും വീണ്ടും ഈടാക്കാൻ ശ്രമിക്കുവാണോ എന്ന് ആവർത്തിച്ചു ചോദിച്ചാണ് ഇയാൾ ബഹളം ഉണ്ടാക്കുന്നത്.
ഏതായാലും ഇയാൾ എവിടുത്തുകാരൻ ആണെന്ന് വ്യക്തമല്ല. ഇയാൾ ഇന്ത്യൻ വംശജനാണെന്ന് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ ശ്രീലങ്കക്കാരനാണെന്ന് വാദിച്ചു.
ഹോട്ടൽ ജീവനക്കാരോട് മോശമായി പെരുമാറിയതിന് പിന്നാലെ വിനോദസഞ്ചാരിക്കെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. “ഒന്നും സഹിക്കാനാവാത്ത ആളുകൾ,” ഒരു ഉപയോക്താവ് എഴുതി. “ഇതുപോലുള്ള ആളുകൾക്ക് പണമുണ്ടാകരുത്, ഇത് വൃത്തികെട്ടതും മാന്യമല്ലാത്തതുമായ പെരുമാറ്റമാണ്” മറ്റൊരാൾ കുറിച്ചു.
“ഇയാൾ എന്തൊരു തോൽവിയാണ്,” മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു.