സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്‍റ് ചോദിച്ചെന്നും മലയാള സിനിമാരംത്തെ 28 പേർ തന്നോട് മോശമായി പെരുമാറിയെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് നടി ചാർമിള. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണ് താന്‍ അഡ്ജസ്റ്റ് ചെയ്യുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. പരിണയം എന്ന സിനിമ എടുക്കുന്ന സമയത്താണ് ഹരിഹരന്‍ പരിചയപ്പെടണമെന്നും പറഞ്ഞ് വിളിപ്പിച്ചത്. അദ്ദേഹം വളരെ അന്തസോടെയാണ് തന്നോട് പെരുമാറിയത്.. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകില്ലെന്ന് വിഷ്ണു പറഞ്ഞപ്പോള്‍ തനിക്കും വിഷ്ണുവിനും ആ സിനിമ നഷ്ടപ്പെട്ടുവെന്നും ചാര്‍മിള പറയുന്നു.
‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നാണ് ചാർമിളയുടെ ആരോപണം. തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയുന്നില്ലെന്നും ചാർമിള പറഞ്ഞു. തന്നോട് മോശമായി പെരുമാറിയവരിൽ നടന്മാരും സംവിധായകരും നിർമാതാക്കളുമുണ്ടെന്നും ചാർമിള പറഞ്ഞു. എന്നാല്‍ നിയമ നടപടികളിലേയ്ക്ക് കടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു.