Health

ഇതറിഞ്ഞാല്‍ ഉറങ്ങുന്നതിനു 4 മണിക്കൂര്‍മുന്‍പ് നിങ്ങള്‍ അത്താഴം കഴിയ്ക്കും

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. കൃത്യസമയത്ത് വേണം ഭക്ഷണം കഴിയ്ക്കേണ്ടത്. രാത്രി ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണം. ഉറങ്ങുന്നതിനു നാലു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു തീര്‍ത്തിരിക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നേരത്തെ കഴിക്കുന്നത് മികച്ച ദഹനത്തിനും, ഉറക്കാതെ ബാധിക്കുന്ന ആസിഡ് റിഫ്ലക്സ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കും.

മാത്രമല്ല, ശരീരത്തില്‍ കൊഴുപ്പടിയാതിരിക്കാനും പോഷകങ്ങള്‍ ശരിയായി വിനിയോഗിക്കാനും ഇത് ശരീരത്തെ പ്രാപ്തമാക്കും. അതുകൊണ്ടുതന്നെ വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെയുള്ള സമയമാണ് ഏറ്റവും മികച്ച അത്താഴ സമയം. ശരീരത്തിന്റെ സര്‍ക്കേഡിയന്‍ റിഥം കാത്തു സൂക്ഷിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും, ഈ നേരം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നത് വഴി സാധിക്കും. അത്താഴം നേരത്തെ കഴിക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

ഓരോ ആളുകളുടെയും ജീവിതശൈലി, സാംസ്‌കാരിക ഘടകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അത്താഴ സമയം വ്യത്യാസപ്പെടാം. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ദഹനത്തിന് മതിയായ സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ നാലു മണിക്കൂര്‍ കിട്ടിയില്ലെങ്കിലും, രണ്ടു മൂന്നു മണിക്കൂര്‍ എങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കുക. അവസാനത്തെ ഭക്ഷണം രാത്രി 9 മണിക്ക് മുമ്പ് കഴിക്കുന്നതാണ് നല്ലത്. ശരിയായ ഉറക്കം കിട്ടാനും ഭാര നിയന്ത്രണത്തിനും ദഹനത്തിനുമെല്ലാം അത്താഴം ശരിയായ രീതിയില്‍ കഴിക്കേണ്ടത് പ്രധാനമാണ്.

ലീന്‍ പ്രോട്ടീനുകള്‍, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പുതിയ പച്ചക്കറികള്‍ എന്നിവ സമീകൃതമായി ചേര്‍ത്ത് വേണം അത്താഴം കഴിക്കാന്‍. കോഴിയിറച്ചി, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു പോലുള്ള ലീന്‍ പ്രോട്ടീനുകള്‍ പേശികളുടെ അറ്റകുറ്റപ്പണികള്‍ക്ക് അത്യാവശ്യമാണ്. ക്വിനോവ, ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ ഗോതമ്പ് പോലെയുള്ള ധാന്യങ്ങള്‍ സുസ്ഥിരമായ ഊര്‍ജ്ജവും നാരുകളും നല്‍കുന്നു. അവോക്കാഡോ, നട്‌സ് അല്ലെങ്കില്‍ ഒലിവ് ഓയില്‍ പോലുള്ള സ്രോതസ്സുകളില്‍ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തുന്നത് പോഷകങ്ങളുടെ ആഗിരണത്തെ പിന്തുണയ്ക്കുന്നു.

വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി നല്‍കുന്നു. പ്ലേറ്റില്‍ പകുതി പച്ചക്കറികളും പഴങ്ങളും, നാലിലൊന്ന് ലീന്‍ പ്രോട്ടീനും, നാലിലൊന്ന് തവിടുള്ള ധാന്യങ്ങളും ഉള്‍പ്പെടുത്തുക. കനത്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.