Good News

‘സൈക്കിള്‍ ഓടിക്കാന്‍ പോലും അറിയില്ലായിരുന്നു’: അഹമ്മദാബാദ് വനിതാ കാബ് ഡ്രൈവറുടെ പ്രചോദനാത്മക കഥ

ക്യാബ്, ഓട്ടോ യാത്രകള്‍ അസാധാരണമായി ഒന്നുമില്ലാത്ത പതിവ് കാര്യ മാത്രമാണ്. എന്നാല്‍, ഇടയ്ക്കിടെ, ഇത്തരം യാത്രകള്‍ വളരെ രസകരമായ അനുഭവങ്ങളായും മാറാറുണ്ട്. അത്തരമൊരു യാത്രയില്‍നിന്നാണ് അഹമ്മദാബാദിലെ ഒരു വനിതാ ക്യാബ് ഡ്രൈവറുടെ പ്രചോദനാത്മകമായ കഥ ഓജസ് ദേശായി എന്ന ഫേസ്ബുക്ക് ഉപയോക്താവ്പങ്കിട്ടത്.

അഹമ്മദാബാദില്‍ നിന്നും താന്‍ ഒരു ഓല ക്യാബ് ബുക്ക് ചെയ്തുവെന്നും ഒരു വനിതാ ക്യാബ് ഡ്രൈവര്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയെന്നും ഓജസ് ദേശായി തന്റെ പോസ്റ്റില്‍ പറഞ്ഞു. സ്ത്രീകള്‍ ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് താന്‍ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഒരു വനിതാ ക്യാബ് ഡ്രൈവറുമായുള്ള തന്റെ ആദ്യ യാത്രയായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ കാര്‍ ഓടിക്കാന്‍ തിരഞ്ഞെടുത്തതെന്ന് ഓജസ് സ്ത്രീയോട് ചോദിച്ചു, അവളുടെ പ്രതികരണം അദ്ദേഹത്തെ കരയിപ്പിച്ചു.

ക്യാബ് ഡ്രൈവറുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം എഴുതിയതിങ്ങനെ ”ഇന്ന് അഹമ്മദാബാദില്‍, റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ഞാന്‍ ഒരു ഓല ക്യാബ് ബുക്ക് ചെയ്തു. സ്ഥിരീകരണ സന്ദേശത്തില്‍ ഡ്രൈവറുടെ പേര് അര്‍ച്ചന പാട്ടീല്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഓല ക്യാബ് അവള്‍ വളരെ അനായാസമായും നന്നായും ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.

അര്‍ച്ചനയുടെ ഭര്‍ത്താവ് ഒരു ഓല ഡ്രൈവര്‍ ആയിരുന്നു. ലോണ്‍ എടുത്താണ് ക്യാബ് വാങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവിന് ജോലിയില്‍ തുടരാന്‍ കഴിയാതെ വന്നു. ജീവിതത്തിന്റെ ഈ പ്രതിസന്ധിഘട്ടത്തില്‍ അര്‍ച്ചന തളര്‍ന്നില്ല. അവള്‍ ഓലയില്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചു. അതുവരെ ഒരു സൈക്കിള്‍പോലും​ ഓടിച്ചിട്ടില്ലാത്ത അര്‍ച്ചന ആറ് മാസം കൊണ്ട് ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സും നേടി.’’

“ഇത് സ്ത്രീശക്തിയുടെ ഉദാഹരണമായോ ‘സമൂഹത്തെ മാറ്റുന്നതിന്റെ തെളിവായോ ആയി ഉയർത്തിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദൗർഭാഗ്യത്തെ തോൽവിയായി കണക്കാക്കാത്ത ഒരു ആത്മാവിനെ ഞാൻ ഇന്ന് കണ്ടുമുട്ടി’’ ഓജസ് ദേശായി കുറിച്ചു.

ഈ ആഴ്ച ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. അതിനുശേഷം, ഇതിന് 19,000-ലധികം ലൈക്കുകളും നിരവധി കമൻ്റുകളും ലഭിച്ചു.

പോസ്റ്റിനോട് പ്രതികരിച്ച് ഒരാള്‍ പറഞ്ഞതിങ്ങനെ, ‘സ്ത്രീയേ, നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു! നിങ്ങളുടെ പോരാട്ടം ശരിക്കും ശ്രദ്ധേയമാണ്’.
‘കഠിനാധ്വാനവും സത്യസന്ധതയോടെയും ജോലി ചെയ്യുന്ന ആളുകളെ ഞാന്‍ എപ്പോഴും അഭിനന്ദിക്കുന്നു. ബറോഡയിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ പിങ്ക് വാഹനം ആളുകളെ കൊണ്ടുപോകുന്നത് കണ്ടു. സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷം തോന്നി. അവരെ എപ്പോഴും പ്രോത്സാഹിപ്പിക്കണം,’മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.