കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും വളരെയെളുപ്പം പിടികൂടുന്ന ഒന്നാണ് ജലജന്യരോഗങ്ങള്‍. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കുഞ്ഞുങ്ങളുടെ ഉള്ളില്‍ കടക്കുന്ന അണുക്കള്‍ അതിസാരം ഉള്‍പ്പെടെയുള്ള പല രോഗങ്ങളും ഉണ്ടാക്കാം. അതിസാരം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പലപ്പോഴും നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ സ്വഭാവ വ്യത്യാസങ്ങള്‍ കുഞ്ഞുങ്ങളിലെ അതിസാരത്തെയും നിര്‍ജലീകരണത്തെയും കുറിച്ച് സൂചന നല്‍കും.
90 ശതമാനം കേസുകളിലും വൈറസുകളാകാം കുട്ടികളിലെ അതിസാരത്തിന് പിന്നിലെന്ന് മുംബൈ നാരായണ ഹെല്‍ത്ത് എസ്‌ആര്‍സിസി ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റലിലെ സീനിയര്‍ പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് ഡോ. പരേഷ് ദേശായ് പറയുന്നു. റോട്ടാവൈറസ്, നോര്‍വാക്ക് വൈറസ്, ഇ.കോളി, സാല്‍മണെല്ല, ഷിഗല്ല എന്നിവയെല്ലാം കുട്ടികളില്‍ അതിസാരം ഉണ്ടാക്കാം. അതിസാരം മൂലം കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പലപ്പോഴും നിര്‍ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- വിശപ്പില്ലായ്മ – അതിസാരത്തിനൊപ്പം ഓക്കാനവും വയര്‍ കമ്പനവുമൊക്കെ ഉണ്ടാകാമെന്നതിനാല്‍ കുഞ്ഞുങ്ങള്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാനും താത്പര്യം കാണിക്കില്ല. ഇത് നിര്‍ജലീകരണം രൂക്ഷമാക്കാനും സാധ്യതയുണ്ട്.
- ദേഷ്യം, അസ്വസ്ഥത – കുഞ്ഞുങ്ങള്‍ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നതും കൂടുതല്‍ കരയുന്നതും മാതാപിതാക്കളെ വിടാതെ മുറുകെ പിടിക്കുന്നതുമൊക്കെ ഒരു പക്ഷേ അതിസാരം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മൂലമാകാം.
- ഉറക്കത്തിലെ തടസ്സം – അതിസാരം മൂലം വയര്‍ വേദന ഉണ്ടാകുന്നത് കുഞ്ഞുങ്ങളുടെ ഉറക്കത്തിനെയും സാരമായി ബാധിക്കാം.
- ക്ഷീണം – കളിക്കാനോ കഴിക്കാനോ ഒന്നും കുട്ടി താത്പര്യം കാണിക്കാതിരിക്കുന്നതും അത്യധികമായ ക്ഷീണം തോന്നുന്നതും ശരീരത്തില്‍ നിന്ന് ദ്രാവകങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ ആകാം.
അതിസാരമുണ്ടാകുമ്പോള്‍ ഒആര്‍എസ് ലായനി നല്‍കുന്നത് നിര്‍ജലീകരണം തടയാന്‍ സഹായിക്കും. സോഡിയം, പൊട്ടാസിയം, ക്ലോറൈഡ് എന്നിവയെല്ലാം അടങ്ങിയ ഒആര്‍എസ് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്ന ധാതുക്കളുടെ കുറവ് നികത്തും. കുഞ്ഞുങ്ങള്‍ക്ക് അതിസാരം ഉണ്ടാകുമ്പോള്‍ മുലയൂട്ടല്‍ നിര്‍ത്തരുതെന്നും ഡോ. ദേശായ് പറയുന്നു. ശിശുരോഗ വിദഗ്‌ധന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ മുലയൂട്ടല്‍ നിര്‍ത്താന്‍ പാടുള്ളൂ. ഫോര്‍മുല നല്‍കുന്ന കുട്ടികള്‍ക്കാണെങ്കില്‍ അത് കുറച്ച് കൂടി നേര്‍പ്പിച്ച് നല്‍കാം. എച്ച്‌ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.




