Healthy Food

പ്രമേഹ രോഗികളേ, നിങ്ങള്‍ ഈ 5 ഭക്ഷണങ്ങൾ കഴിക്കരുതേ..

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. പ്രമേഹം നിയന്ത്രിയ്ക്കുന്നവയില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍. ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിയ്ക്കും. പ്രമേഹ രോഗികള്‍ തീര്‍ത്തും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നവയാണ് ഈ ഭക്ഷണങ്ങള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം….

  • ഉണക്കമുന്തിരി – പഴങ്ങളില്‍ ജീവകങ്ങളും ധാതുക്കളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്. എന്നാല്‍ ഉണക്കമുന്തിരി പോലുള്ളവ ഉണങ്ങുമ്പോള്‍ ഇവയിലെ പഞ്ചസാരയ്ക്ക് ഗാഢത കൂടും. ഇത് ബ്ലഡ് ഷുഗര്‍ കൂട്ടും. ഉണക്കമുന്തിരി പോലുള്ള ഡ്രൈഫ്രൂട്ട്‌സ് ഒഴിവാക്കി പകരം പഞ്ചസാര കുറവുള്ള പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
  • ട്രാന്‍സ്ഫാറ്റുകള്‍ – മാര്‍ഗരിന്‍, പീനട്ട് ബട്ടര്‍, ക്രീം, സ്‌പ്രെഡ് ഇവയിലെല്ലാമുള്ള ട്രാന്‍സ്ഫാറ്റുകള്‍ ആരോഗ്യത്തിനു ദോഷകരമാണ്. ഇവ ഇന്‍ഫ്‌ലമേഷന്‍ കൂട്ടുകയും ഇന്‍സുലിന്‍ പ്രതിരോധം, കുടവയര്‍ ഇവയ്ക്കു കാരണമാകുകയും ചെയ്യും.
  • സ്മൂത്തീസ് – പഴം കൊണ്ടുള്ള സ്മൂത്തികള്‍ ആരോഗ്യകരം തന്നെ. എന്നാല്‍ അവയിലെല്ലാമുള്ള നാരുകള്‍ നീക്കം ചെയ്യപ്പെട്ടതാണ്. ഒരു വലിയ അളവില്‍ തന്നെ പെട്ടെന്ന് ഇവ കുടിയ്ക്കാന്‍ പറ്റും. അതിനര്‍ത്ഥം. നിങ്ങള്‍ കാലറി, കാര്‍ബോഹൈഡ്രേറ്റ്, ഷുഗര്‍ ഇവയെല്ലാം അധികം അകത്താക്കി എന്നാണ്. പ്രമേഹരോഗികള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.
  • മധുരപാനീയങ്ങള്‍ – പ്രമേഹരോഗികളെ സംബന്ധിച്ച് ഏറ്റവും ദോഷകരമായ ഭക്ഷണമാണിത്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഫ്രൂട്ട് പഞ്ച്, മറ്റു മധുരപാനീയങ്ങള്‍ ഇവയൊന്നും കുടിക്കാന്‍ പാടില്ല. ഇവയില്‍ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്, ഫാറ്റി ലിവര്‍, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും.
  • വൈറ്റ് ബ്രഡ് – വൈറ്റ് ബ്രഡില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാല്‍ നാരുകള്‍ വളരെ കുറവും. വൈറ്റ് ബ്രഡും ഇതുപോലെ റിഫൈന്‍ഡ് ധാന്യപ്പൊടികള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പകരം മുഴു ധാന്യങ്ങള്‍ (whole grains) കൊണ്ടുള്ള ബ്രഡ് തിരഞ്ഞെടുക്കാം.