Lifestyle

ഭക്ഷണ പാക്കറ്റുകളില്‍ തുപ്പി ഡെലിവറി ഏജന്റ്: വീഡിയോ വൈറല്‍, പിന്നാലെ പ്രതികരിച്ച് സൊമാറ്റോ

ഉപഭോക്താവിന് നൽകാനുള്ള ഭക്ഷണത്തിൽ തുപ്പി സൊമാറ്റോ ഡെലിവറി ഏജന്റ്. മുംബൈയിലെ കഞ്ചുർമാർഗ് ഏരിയയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയിൽ ഫുഡ് ഓർഡർ ഡെലിവറി ചെയ്യുന്നതിനുമുമ്പാണ് ഡെലിവറി ഏജന്റ് ഭക്ഷണത്തിൽ തുപ്പുന്നത്. മുംബൈ നിവാസിയാണ് @ByRakeshSimha എന്ന എക്സ് അക്കൗണ്ട് വഴി അസ്വസ്ഥത ഉളവാകുന്ന വീഡിയോ പുറത്തുകൊണ്ടുവന്നത്.

വീഡിയോ വിവാദമായതോടെ സംഭവത്തോട് പ്രതികരിച്ച്, സൊമാറ്റോ രംഗത്തെത്തി, “ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഏജന്റുമാരിൽ നിന്നുള്ള ഇത്തരം പെരുമാറ്റം ഞങ്ങൾ അംഗീകരിക്കുന്നില്ല” എന്നാണ് സൊമാറ്റോ പ്രതികരിച്ചത്.

ഡെലിവറി ബോയ് ഭക്ഷണവുമായി സംശയാസ്പദമായ സാഹചര്യത്തിൽ നില്‍ക്കുന്നത് തന്റെ സുഹൃത്തും ബോളിവുഡ് സംഗീതസംവിധായകനുമായ നാരായൺ പാർവതി പരശുറാം ശ്രദ്ധിച്ചതായി വീഡിയോ പങ്കുവെച്ച എക്സ് ഉപയോക്താവ് അവകാശപ്പെട്ടു. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഡെലിവറി ബോയ് ഭക്ഷണത്തിൽ തുപ്പുകയായിരുന്നെന്ന് വ്യക്തമായത്. ഫുഡ് ഡെലിവറി സേവനങ്ങളിലെ ഭക്ഷ്യ സുരക്ഷയും ശുചിത്വ നിലവാരവും ഉപയോക്താക്കൾ ചോദ്യം ചെയ്തതോടെ ഞെട്ടിക്കുന്ന സംഭവം എക്‌സിൽ കടുത്ത പ്രകോപനം സൃഷ്ടിച്ചു.

ഉപയോക്താവ് പങ്കിട്ട ഒരു എക്സ് പോസ്റ്റിൽ, “ബോളിവുഡ് സംഗീതസംവിധായകൻ നാരായൺ പാർവതി പരശുറാം പറയുന്നതിങ്ങനെ,: “മുംബൈയിലെ ഹുമ കഞ്ജൂർമാർഗ് ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോൾ, ഈ സൊമാറ്റോക്കാരനിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു. സൂക്ഷിച്ചുനോക്കിയപ്പോൾ, അവൻ ഓരോ ഭക്ഷണ പൊതികളിലും തുപ്പുകയും വീണ്ടും സീൽ ചെയ്യുകയും ചെയ്യുന്നത് കണ്ടു. അവന്റെ നീചമായ പ്രവൃത്തി പകർത്താൻ ഞാൻ എന്റെ ഫോൺ എടുത്തു, പക്ഷേ അവൻ എന്നെ കണ്ടു, ഞാൻ അവന്റെ അടുത്തേക്ക് പാഞ്ഞുകയറിയപ്പോൾ, അവൻ വേഗത്തിൽ തന്റെ ബൈക്കിൽ കയറിപ്പോയി”എന്നാണ്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച്, നാരായൺ പിന്നീട് സൊമാറ്റോ ഡെലിവർ ചെയ്ത ഓഫീസിലെത്തുകയും, തുപ്പിയ സംഭവം സ്റ്റാഫിനോട് പറയുകയും ചെയ്തു. സൊമാറ്റോ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉപഭോക്താവ് പോസ്റ്റിൽ കുറിച്ചു.

വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായതോടെ ഭക്ഷണ വിതരണ സേവനങ്ങളുടെ സമഗ്രതയെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.

പോസ്റ്റിന് മറുപടിയായി സൊമാറ്റോ പ്രതികരിച്ചത് ഇങ്ങനെ, “ഹായ് രാകേഷ്, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഡെലിവറി പങ്കാളികളിൽ നിന്നുള്ള അത്തരം പെരുമാറ്റം ഞങ്ങൾ അംഗീകരിക്കുന്നില്ല. ഈ സംഭവത്തിന്റെ കൃത്യമായ സമയവും സ്ഥലവും പങ്കിടുക, ഞങ്ങളുടെ ടീം ഇത് മുൻഗണനാടിസ്ഥാനത്തിൽ പരിശോധിക്കും” എന്നാണ്.

ഒരു ഉപയോക്താവ് പ്രതികരിച്ചത്, “ഇനി മുതൽ ഞാൻ ഒരിക്കലും ഒരു ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്നും ഓർഡർ ചെയ്യില്ല” എന്നാണ്. മറ്റൊരു ഉപയോക്താവ് പറഞ്ഞു, അവൻ എവിടെയാണ് തുപ്പുന്നത്? ഈ വീഡിയോയിൽ ഞാൻ ഒന്നും കാണുന്നില്ല.

ഉപയോക്താവ് സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു, “വിദ്വേഷം പ്രചരിപ്പിക്കുകയല്ല, ഇപ്പോൾ എങ്ങനെ, ആരെ വിശ്വസിക്കണം? ഏതാണ്, നല്ലത് ഏതാണ് അല്ലാത്തത് എന്ന് എങ്ങനെ അറിയാൻ കഴിയും???” എന്നാണ് ചോദിച്ചത്. ഈ പ്രതികരണങ്ങൾക്കിടയിൽ, ചില ഉപയോക്താക്കൾ ഡെലിവറി ഏജന്റിന്റെ മികച്ച പശ്ചാത്തല പരിശോധനയുടെ ആവശ്യകതയും എടുത്തുകാണിച്ചു.