മൊബൈൽ ഗെയിമിന് അഡിക്റ്റായ പത്തൊമ്പതുകാരന്റെ നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നം. ഡൽഹിയിലുള്ള ഒരു ആൺകുട്ടിക്കാണ് ഗെയിമിങ് അഡിക്ഷൻ കാരണം നട്ടെല്ലിന് പരിക്കും ശരീരത്തിന് ഭാഗികമായ തളർച്ചയും അനുഭവപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
12 മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതെയാണ് പബ്ജി എന്ന ഗെയിമിന് അഡിക്റ്റായിരുന്ന കുട്ടി ഗെയിം കളിച്ചിരുന്നത്. ക്രമേണ കുട്ടിയുടെ നട്ടെല്ല് വളയുകയും മൂത്രസഞ്ചി മേലുള്ള നിയന്ത്രണം നഷ്ടമാവാൻ തുടങ്ങുകയും ചെയ്തു. ദീര്‍ഘനേരത്തെ ഇരിപ്പുകൊണ്ട് സുഷുമ്നാ നാഡിക്ക് സമ്മർദം കൂടിയതിന്റെ ഫലമാണിതെന്നാണ് ഡോക്ടർമാർ വിശദീകരിച്ചു.
തിരിച്ചറിയപ്പെടാതെ കിടന്ന കുട്ടിയുടെ സ്പൈനൽ ട്യൂബർകുലോസിസ് ഒരുവർഷത്തിനുശേഷം സ്ഥിരീകരിച്ചു. ഇതോടെ സ്ഥിതി വഷളായി. ആശുപത്രിയിലെത്തിയ സമയത്ത് നടക്കാനോ മൂത്രമൊഴിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടി. ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്ററിലെ ഡോക്ടർമാരുടെ പരിശോധനയിലാണ് നട്ടെല്ലിന് ഗുരുതര പരിക്കാണെന്നും കൈഫോ സ്കോളിയോസിസ് എന്ന അവസ്ഥയായി പരിണമിച്ചതെന്നും തിരിച്ചറിഞ്ഞത്..
ട്യൂബർകുലോസിസും ഗെയിമിങ് മൂലം നട്ടെല്ലിനുണ്ടായ രൂപമാറ്റവും ചേർന്നപ്പോൾ ചികിത്സ വെല്ലുവിളി നിറഞ്ഞതായി . നട്ടെല്ലിന്റെ ആകൃതി ശരിയാക്കാനും ഇംപ്ലാന്റ്സ് വച്ച് അതിനെ സ്ഥിരപ്പെടുത്താനുമുള്ള സർജറി ചെയ്തു. സർജറി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കുട്ടിയുടെ ആരോഗ്യാനില ഭേദപ്പെടാനും തുടങ്ങി. മൂത്രസഞ്ചിയുടെ നിയന്ത്രണം തിരികെ ലഭിക്കുകയും കുട്ടി നടക്കാൻ തുടങ്ങുകയും ചെയ്തു. സുഷുമ്നാ നാഡിക്കുണ്ടായ സമ്മർദം കുറഞ്ഞതിന്റെ ലക്ഷണങ്ങളാണ് ഇവയെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
സ്ക്രീൻ ഉപയോഗം അമിതമായതിനേത്തുടർന്ന് അസ്ഥി- സന്ധി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്ന കൗമാരക്കാരുടെ എണ്ണം കൂടുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികൾക്കിടയിലെ സ്ക്രീൻ ഉപയോഗം കുറച്ചുകൊണ്ടുവരികയും മറ്റു ശാരീരിക വ്യായാമങ്ങൾക്ക് ശ്രദ്ധ നൽകണമെന്നും വിദഗ്ധർ പറയുന്നു.