ഇംഗ്ലണ്ടിൽ ഒരു ചെറിയ പെൺകുട്ടിക്ക് ‘ദൈവത്തിൽ’ നിന്ന് ഒരു കത്ത് ലഭിച്ചു. രണ്ടാമതൊരു നായയെ ദത്തെടുക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞപ്പോൾ ദേഷ്യത്തോടെ കൈകൊണ്ട് എഴുതി അയച്ച കത്തിന്, ആറുമാസത്തിന് ശേഷമാണ് മറുപടി ലഭിച്ചത്. ഈ കത്ത് ലഭിച്ചതിന്റെ കഥ കുട്ടിയുടെ അമ്മ ഓൺലൈനിൽ പങ്കുവെച്ചതോടെ സംഭവം ഇന്റർനെറ്റിൽ ചിരി പടർത്തി.
“ദൈവത്തിനുള്ള എന്റെ മകളുടെ കത്തിന് ആരാണ് മറുപടി അയച്ചത്?” എന്ന തലക്കെട്ടോടെയാണ് അമ്മ റെഡ്ഡിറ്റിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ആ പോസ്റ്റിൽ അമ്മ മകൾക്ക് ലഭിച്ച കത്ത് പങ്കുവെച്ചു. “നിങ്ങൾക്ക് മറുപടി എഴുതാൻ ഇത്രയും സമയമെടുത്തതിൽ ക്ഷമിക്കണം, ദൈവത്തെ അറിയുന്ന മറ്റൊരാൾ എഴുതുന്നതിൽ നിങ്ങൾക്ക് വിഷമമില്ലെന്ന് ദൈവം കരുതുന്നു” എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അമ്മയുടെ വാക്കുകൾ അനുസരിച്ച്, നായകളോട് അമിതമായ ഇഷ്ടമുള്ള തന്റെ 8 വയസ്സുള്ള മകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു രക്ഷാ കേന്ദ്രത്തിൽ (Rescue Centre) നിന്ന് രണ്ടാമതൊരു നായയെ കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.
” പല കാരണങ്ങളാൽഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞു . അവൾക്ക് വളരെയധികം വിഷമമായി, ദേഷ്യപ്പെട്ട് കിടപ്പുമുറിയിലേക്ക് പോവുകയും ഒരു മണിക്കൂറിന് ശേഷം ഒരു എൻവലപ്പുമായി (കവറുമായി) പുറത്തുവരികയും ചെയ്തു. അത് പോസ്റ്റ് ചെയ്യാനായി അവൾ റോഡിലൂടെ ഓടിപ്പോയി. ഇത് 6 മാസങ്ങൾക്ക് മുൻപാണ്,” അമ്മ r/AskUK എന്ന സബ്‌റെഡിറ്റിൽ എഴുതി. മാസങ്ങൾക്കിപ്പുറം, മകൾക്ക് അവളുടെ പേരിൽ ഒരു കത്ത് ലഭിച്ചത് അമ്മയെ അത്ഭുതപ്പെടുത്തി. “ഗുണമേന്മ കുറഞ്ഞ പേപ്പറിൽ ടൈപ്പ് ചെയ്തതും, പേരും വിലാസവും കൈകൊണ്ട് എഴുതിയതുമായിരുന്നു ആ കത്ത്. എൻവലപ്പ് റോയൽ മെയിൽ പ്രീ-പെയ്ഡ് ആയിരുന്നു. മറുപടി അയച്ച വിലാസമോ പോസ്റ്റൽ ലൊക്കേഷൻ അടയാളങ്ങളോ അതിലുണ്ടായിരുന്നില്ല,” അമ്മ എഴുതി.”
ഏകദേശം ഒരു മണിക്കൂറോളം ഇത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും പേടിപ്പെടുത്തുകയും ചെയ്തു. അപ്പോഴാണ് അവൾക്ക് ബോധോദയം ഉണ്ടാവുകയും, താൻ എഴുതിയ കത്ത് ദൈവത്തിന് ആയിരുന്നു എന്നും, ഒരു നായയെ ദത്തെടുക്കാനുള്ള അവളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയുമോ എന്ന് ചോദിച്ചാണ് കത്തെഴുതിയതെന്നും അവൾ പറഞ്ഞത്. പെൺകുട്ടി തന്റെ കത്തിൽ വിലാസമായി നൽകിയിരുന്നത് ‘ദൈവത്തിന്, ക്ലൗഡ് 9, സ്വർഗ്ഗം’ (To God, Cloud 9, Heaven) എന്നായിരുന്നു. ഈ വിലാസം കാരണം കത്ത് ഡെലിവറി ചെയ്യപ്പെടാൻ സാധ്യതയില്ലായിരുന്നുവെങ്കിലും അവൾക്ക് ഒരു മറുപടി ലഭിക്കുക തന്നെ ചെയ്തു. “അപ്പോൾ ആരാണ് ദൈവത്തിൻ്റെ പേരിൽ ഈ കത്തിന് മറുപടി നൽകിയിരിക്കുന്നത്…?” അമ്മ ചോദിക്കുന്നു.
പോസ്റ്റ് ഓൺലൈനിൽ ശ്രദ്ധ നേടിയതോടെ, ആരായിരിക്കും ഈ കത്ത് എഴുതിയതെന്ന ഊഹങ്ങൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കുവെച്ചു.”ഡെലിവർ ചെയ്യാനാകാത്ത കത്തുകൾ ബെൽഫാസ്റ്റിലെ നാഷണൽ റിട്ടേൺസ് സെൻ്ററിലേക്കാണ് (National Returns Centre – NRC) അയക്കുന്നത്. അവിടെയുള്ള ജീവനക്കാർ മറുപടി വിലാസത്തിനായി കവറിനുള്ളിൽ നോക്കും. ഇത്തരം കത്തുകൾക്ക് മറുപടി അയക്കുന്നത് റോയൽ മെയിലിന്റെ നയമല്ല. അതിനാൽ എൻആർസിയിലെ ഒരു നല്ല മനുഷ്യൻ മറുപടി അയക്കാൻ തീരുമാനിച്ചതായി ഞാൻ ഊഹിക്കുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു.
“ഇത്തരം കത്തുകൾ കൈകാര്യം ചെയ്യുന്ന റോയൽ മെയിലിന്റെ സ്പെഷ്യലിസ്റ്റ് ഹാൻഡ് റൈറ്റിംഗ് ടീം (ബെൽഫാസ്റ്റിൽ സ്ഥിതി ചെയ്യുന്നത്) ആകാൻ സാധ്യതയുണ്ട്,” മറ്റൊരാൾ കൂട്ടിച്ചേർത്തു.




