Sports

ഒരു മത്സരത്തില്‍തന്നെ രണ്ടു ടീമിനുമായി ഒരേ കളിക്കാരന്‍ കളിച്ചാലോ? ഡാനി ജാന്‍സന്‍ എഴുതിയത് ചരിത്രം

ഒരേ മത്സരത്തില്‍ തന്നെ രണ്ടു ടീമിനായി ഒരു കളിക്കാരന്‍ കളിച്ചാലോ? അതും മേജര്‍ ലീഗ് ബേസ്‌ബോള്‍ പോലെയുള്ള വമ്പന്‍ ടൂര്‍ണമെന്റില്‍. അങ്ങിനെ എംഎല്‍എബി ചരിത്രത്തില്‍ ഒരേ ഗെയിമില്‍ രണ്ട് ടീമുകള്‍ക്കായി കളിക്കുന്ന ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ്. മോശം കാലാവസ്ഥ കളി മാറ്റിവെച്ച ജൂണ്‍ 26 ന് ടൊറന്റോ ബ്ലൂ ജെയ്സിനായി ഡാനി ജാന്‍സന്‍ സ്വിംഗ് ചെയ്യുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം അതേ മത്സരം പുനരാരംഭിച്ചപ്പോള്‍, അദ്ദേഹം ബോസ്റ്റണ്‍ റെഡ് സോക്‌സിനായി ക്യാച്ച് ചെയ്യുകയായിരുന്നു.

ഒരേ ഗെയിമില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കായി ആദ്യമായി ബാറ്റ് ചെയ്ത് ജാന്‍സന്‍ ചരിത്രമെഴുതിക്കളഞ്ഞു. ജൂണ്‍ 26 ന് ബോസ്റ്റണ്‍ റെഡ് സോക്സിനെതിരെ ടോറന്റോ ബ്ലൂ ജെയ്സുമായി ഏറ്റുമുട്ടിയപ്പോള്‍ 29 കാരനായ ഡാനി ജാന്‍സെന്‍ അന്ന് ബ്ലൂ ജെയ്സിന്റെ താരമായിരുന്നു. മത്സരം പക്ഷേ കനത്ത മഴയെത്തുടര്‍ന്ന് കളി നിര്‍ത്തിവെച്ചു. രണ്ടുമാസത്തിന് ശേഷം അതേകളി വീണ്ടും ഷെഡ്യൂള്‍ ചെയ്തപ്പോള്‍ ബോസ്റ്റണ്‍ റെഡ് സോക്‌സുമായി കരാറിലായിരുന്നു. തല്‍ക്കാലം നിര്‍ത്തിയാ കളി 65 ദിവസവും 18 മണിക്കൂറും 35 മിനിറ്റും കഴിഞ്ഞ് തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. ഇപ്പോള്‍ റെഡ് സോക്സിന്റെ താരമാണ് ജാന്‍സെന്‍.

എംഎല്‍ബി ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബേസ്‌ബോള്‍ കളിക്കാരന്‍ ഒരേ ഗെയിമില്‍ രണ്ട് ടീമുകള്‍ക്കായി കളിക്കുന്നത്. പക്ഷേ മത്സരം റെഡ് സോക്സ് 7-3ന് തോറ്റു. ഗെയിമില്‍ താന്‍ രണ്ട് ജേഴ്സി ധരിച്ചിരുന്നുവെന്നും ഒരെണ്ണം ന്യൂയോര്‍ക്കിലെ ബേസ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമിലേക്ക് അയയ്ക്കുമെന്നും ജാന്‍സെന്‍ പറഞ്ഞു. ജാന്‍സെന്റെ പകരക്കാരനായി ജെയ്സിന് ഡൗള്‍ട്ടണ്‍ വര്‍ഷോ എന്ന കളിക്കാരനെത്തി.