Lifestyle

തണുപ്പുകാലത്ത് ആളുകള്‍ പ്രണയബന്ധങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? കഫിംഗ് സീസണെപ്പറ്റി അറിയുക

കഫിംഗ് സീസണ്‍ എന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? സമീപകാലത്ത് പോപ്പുലറായ പദമാണിത്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ എത്തുമ്പോൾ, ആളുകൾ അവരുടെ പങ്കാളികളിലൂടെ അവരുടെ ബന്ധങ്ങളിൽ ഊഷ്മളത തേടുന്നു. സിംഗിളായിട്ടുള്ള വ്യക്തികള്‍ ഹ്രസ്വകാലത്തേയ്ക്ക് ഒരു ബന്ധത്തിലാകുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രത്യേക സമയമെന്ന് ഇതിനെ വിളിക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാല മാസങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

എന്നാല്‍ ഈ ബന്ധങ്ങള്‍ കൂടുതലും വാലന്റൈന്‍സ് ഡേയില്‍ അവസാനിക്കുകയും ചെയ്യും. ശരത് കാലത്തിന്റെ അവസാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ ആരംഭിക്കുന്നത്. കാലാവസ്ഥ തണുപ്പുള്ളതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരും, ഈ സീസണിൽ ഉണ്ടാകുന്ന ഏകാന്തത കുറയ്ക്കാൻ ഒരു കൂട്ടുകാരൻ​/കൂട്ടുകാരി സഹായിക്കുന്നു.

തണുപ്പുകാലത്ത് കൂട്ടായും ഏകാന്തതയില്‍ നിന്നും രക്ഷനേടാനുമായെല്ലാം ഈ റിലേഷന്‍ ആളുകളെ സഹായിക്കുന്നു. ഇത് പുതിയൊരു ഡേറ്റിംഗ് പ്രവണതയാണെന്ന് തോന്നുമെങ്കിലും സമാനമായ ബന്ധങ്ങള്‍ പണ്ടു മുതലേ പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു.’സോഫ്റ്റ് ലോഞ്ചിംഗ്’, ‘ബെഞ്ചിംഗ്’ തുടങ്ങിയ സോഷ്യൽ മീഡിയ ട്രെൻഡുകളും ഈ ഡേറ്റിംഗ് ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്.

സ്വന്തം ഇഷ്‌ടത്തിനനുസരിച്ച് ഒരു താൽക്കാലിക കമ്പനിയെ തിരയുന്നതിനുള്ള ആപ്പുകളും ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ഈ ബന്ധങ്ങൾ ചിലപ്പോള്‍ ദീർഘകാലം നിലനിൽക്കാനും സാധ്യതയുണ്ട്. 63% ആളുകളും ഈ സീസണ്‍ ബന്ധം ദീർഘകാല ബന്ധമായി തുടരാറുണ്ട്.

ശൈത്യകാലത്ത് ആളുകള്‍ക്ക് പലപ്പോഴും സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍ (എസ്എഡി) അനുഭവപ്പെടുന്നു. വിഷാദത്തിന്റെ ഒരു രൂപമാണിത്. ഇത്തരം ഏകാന്തതകളേയും വിഷമത്തേയും മറികടക്കാന്‍ ആളുകള്‍ പ്രണയവും സൗഹൃദവുമെല്ലാം ആഗ്രഹിക്കുന്നു. ഹോര്‍മോണ്‍ മാറ്റങ്ങളും കഫിംഗിന് കാരണമാകുന്നുണ്ട്.താപനിലയിലെ വ്യത്യാസം ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കും. ഇത് കൂട്ടാനായി പ്രണയബന്ധങ്ങള്‍ തേടാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നു. കാലാവസ്ഥ ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ സ്വാധീനിക്കും.

എന്നാല്‍ കഫിംഗ് സീസണിനും അതിന്റേതായ പോരായ്മകളുണ്ട്. ഇങ്ങനെ തുടങ്ങുന്ന ബന്ധങ്ങള്‍ അവസാനിക്കുന്നത് പലപ്പോഴും നല്ലരീതിയിലായിരിക്കില്ല. തെറ്റിദ്ധാരണകളും വൈകാരിക പ്രശ്‌നങ്ങളും പലപ്പോഴും വെല്ലുവിളിയാകാറുണ്ട്.