ജമ്മു കാശ്മീരിലെ ഭാഡർവേയിൽ മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയ യുവാവിന് എട്ടിന്റെ പണി നൽകി കോടതി. ശിക്ഷയായി മൂന്ന് ദിവസത്തേക്ക് ഗോശാല വൃത്തിയാക്കണമെന്നാണ് പ്രാദേശിക കോടതി ഉത്തരവിട്ടിരിക്കുന്നത്. മാർച്ച് 19ന് ഭാഡർവേയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സബ് ജഡ്ജി മധു ശർമ്മയാണ് ഉത്തരവിട്ടത്.
“പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി, ആയതിനാൽ 24.03.2025 മുതൽ 26.03.2025 വരെയുള്ള വരുന്ന മൂന്നു ദിവസത്തേക്ക് ശ്രീ ഗോമാതാ സേവാ സമിതി ധമുന്ദർ ഭാദേർവയിൽ ശുചീകരണ കമ്മ്യൂണിറ്റി സർവീസിന് വിധേയനാകാൻ ശിക്ഷിക്കുന്നു. ദിവസവും മൂന്നു മണിക്കൂർ, രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 02:00 വരെയാണ് ജോലി ചെയ്യേണ്ടത്. ശിക്ഷ തീരുന്നതുവരെ പ്രതി ഭാദേർവയുടെ എസ്എച്ച്ഒ പി/എസ് മേൽനോട്ടത്തിൽ ആയിരിക്കുമെന്നും,വിചാരണ കോടതി ഉത്തരവിട്ടു.
കമ്മ്യൂണിറ്റി സർവീസ് മേൽനോട്ടം വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട് ഏപ്രിൽ 3 നകം കമ്മ്യൂണിറ്റി സർവീസ് ചെയ്യുന്ന കുറ്റവാളിയുടെ ഫോട്ടോകൾ സഹിതം കംപ്ലയിൻസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിക്രം സിംഗ് എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. മാർച്ച് 18 ന് ഭാദേർവയിലെ നാൽതി നാക്കയ്ക്ക് സമീപം മദ്യപിച്ച് ലക്കുകെട്ട സിംഗ് പൊതുശല്യം സൃഷ്ടിക്കുന്നത് പട്രോളിംഗിനിടെ പോലീസ് കണ്ടെത്തി. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 355 പ്രകാരമാണ് സിംഗിനെതിരെ പോലീസ് കേസെടുത്തത്. കേസ് വിചാരണക്കോടതി പരിഗണിച്ചപ്പോൾ സിംഗ് കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതി സ്വമേധയാ കുറ്റസമ്മതം നടത്തിയെന്നും ഇതിൽ, യാതൊരു ഭീഷണിയോ വാഗ്ദാനമോ അനാവശ്യ സ്വാധീനമോ ഉണ്ടായിട്ടില്ലെന്നും ” കോടതി പറഞ്ഞു. തുടർന്ന് സിംഗ് കുറ്റക്കാരനാക്കാരനാണെന്ന് കണ്ടെത്തിയ കോടതി പശുവളർത്തൽ കേന്ദ്രത്തിൽ മൂന്ന് ദിവസത്തെ സാമൂഹിക സേവനത്തിന് ഇയാളെ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.