Oddly News Wild Nature

തൊപ്പിവച്ച് ‘കൂൾ’ ലുക്കിൽ വീഡിയോയ്ക്ക് പോസ് ചെയ്യുന്ന രാജവെമ്പാല; ഞെട്ടിപ്പിക്കുന്ന കാഴ്ച

പാമ്പുകളെ പേടിയില്ലാത്ത ചില ആളുകളുണ്ട്. ഇവരുടെ പാമ്പുകളോടൊപ്പമുള്ള വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. പക്ഷേ സംഭവം അൽപം വെറൈറ്റിയാണ്. ഇവിടെ താരം ഒരു രാജവെമ്പാലയാണ്. തൊപ്പി ധരിച്ച രാജവെമ്പാല……!

വീഡിയോയില്‍ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കടിക്കാൻ പ്രേരിപ്പിക്കുകയാണ് യുവാവ്. പാമ്പിന്റെ തലയിൽ നെയ്തെടുത്ത ചെറിയ തൊപ്പി കെട്ടിവച്ചിട്ടുണ്ട്. പിന്നീട് പാമ്പിനെ പലപ്പോഴായി അദ്ദേഹം പ്രകോപിക്കുകയായിരുന്നു.

ഇന്തോനേഷ്യൻ ഇൻഫ്ലുവൻസർ ‘സഹാബത്ത് ആലം’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ ആണിത്, പുതിയ ‘ആക്സസറിയിൽ’ രാജവെമ്പാലയെ കണ്ട ഞെട്ടലിലാണ് ആളുകൾ. തലയിൽ ചെറിയ ‘കരടി ചെവികൾ’ പോലത്തെ തൊപ്പി ധരിച്ച ഒരു രാജവെമ്പാലയെ അടുത്തിടെ പുറത്തിറക്കിയ റീലിൽ കാണാം.

വാലിൽ പിടിച്ച് വലിക്കുമ്പോള്‍ പാമ്പ് തിരിഞ്ഞുകൊത്താൻ ആഞ്ഞു. എന്നാൽ ചിരിച്ചുകൊണ്ടാണ് യുവാവ് പാമ്പിനെ നേരിടുന്നത്. വിഡിയോ വൈറലായതോടെ വിമർശനവുമായി നിരവധിപ്പേർ രംഗത്തെത്തി. ജീവികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെന്നും യുവാവിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. എങ്ങനെയാണ് രാജവെമ്പാലയുടെ തലയിൽ തൊപ്പി വച്ചതെന്നാണ് മറ്റുചിലർക്ക് അറിയാനുള്ളത്.