Oddly News

ഹൊറര്‍ നോവല്‍ ‘ഇറ്റി’ ലെ വേഷമിട്ടു നാട്ടുകാരെ പേടിപ്പിച്ചു ; വില്ലന്‍ കോമാളിയെ പോലീസ് കയ്യോടെ പൊക്കി…!!

ഹോളിവുഡ് ത്രില്ലര്‍ സിനിമകളിലെ പോലെ സര്‍ക്കസിലെ കോമാളിവേഷം ധരിച്ച് ഗ്രാമത്തിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ കോമാളിയെ സ്‌കോട്‌ലന്റ് പോലീസ് കയ്യോടെ പൊക്കി. യു.കെയില്‍ നടന്ന സംഭവത്തില്‍ പിടികൂടിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പെന്നിവൈസ് ഡാന്‍സിംഗ് ക്ലൗണ്‍ ശൈലിയിലുള്ള വസ്ത്രം ധരിച്ച വ്യക്തി, നോര്‍ത്ത് അയര്‍ഷയറിലെ സ്‌കെല്‍മോര്‍ലിക്ക് ചുറ്റും ചുവന്ന ബലൂണുകള്‍ ഉപേക്ഷിച്ചിരുന്നു. കോള്‍ ഡീമോസ് എന്ന പേരില്‍ ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഒരു അക്കൗണ്ടും തുറന്നിരുന്നു. പിന്നീട് ആള്‍ക്കാരെ ഭയപ്പെടുത്തുന്ന വിധം ഇരുണ്ട തെരുവുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നതായും പിന്നീട് ഇല്ലാതാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഈ കഥാപാത്രം ‘ക്ലോണ്‍ സ്‌കൂളില്‍ പഠിച്ചു’ എന്നും സ്‌കെല്‍മോര്‍ലിയില്‍ താമസിക്കുന്നുവെന്നും ഫേസ്ബുക്ക് പ്രൊഫൈലില്‍ പറയുന്നു. അതേസമയം സ്റ്റീഫന്‍ കിംഗിന്റെ 1986-ലെ ഹൊറര്‍ നോവലായ ‘ഇറ്റി’ ലെ പ്രധാന വില്ലന്‍ ഒരു കോമാളിയാണ്. 27 വര്‍ഷത്തിലൊരിക്കല്‍ ഡെറിയിലെ കുട്ടികളെയും മുതിര്‍ന്നവരെയും വേട്ടയാടുന്ന ദുഷ്ടനായ പെന്നിവൈസ് ദ ഡാന്‍സിങ് ക്ലൗണ്‍ കഥാപാത്രത്തിന്റെ സാമ്യതയിലായിരുന്നു കോമാളിയുടെ പ്രത്യക്ഷപ്പെടല്‍.

2021-ലായിരുന്നു ഗ്രാമത്തില്‍ കോമാളി ആദ്യം പ്രത്യക്ഷപ്പെട്ടത്. വീണ്ടും കോമാളിയുടെ വിശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വന്നതോടെ കോമാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ”ഈ കോമാളിക്ക് പ്രശസ്തിയോ മഹത്വമോ സ്വര്‍ണ്ണമോ ആവശ്യമില്ല. അവന്‍ ഈ ‘സ്ലീപ്പി ടൗണ്‍’ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്ത് കളിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, വന്ന് ചേരുക, സ്‌കെല്‍മോര്‍ലി കോമാളിയെ ഭയപ്പെടാന്‍ പഠിക്കുക.” എന്നും കുറിച്ചിരുന്നു. ഇതിന് ആള്‍ക്കാരും മികച്ച പ്രതികരണം എഴുതുകയുണ്ടായി.