ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളും വിളക്കുമൊക്കെ കഴുകുക എന്നത് വീട്ടമ്മമാര്‍ക്ക് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണ്. പുളിയും, ചാരവും, സോപ്പുമൊക്കെ തേച്ച് കഷ്ടപ്പെട്ടാണ് പലരും ഇത്തരം പാത്രങ്ങള്‍ വൃത്തിയായും തിളക്കമുള്ളതാക്കിയും എടുക്കുന്നത്. ഇതിന് പാത്രങ്ങളില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനായി ഇടയ്ക്കിടയ്ക്ക് കഴുകാം. വിളക്ക് ആണെങ്കില്‍ അമിതമായി എണ്ണമയം ഇരിക്കുന്നത് അഴുക്ക് പിടിക്കുന്നതിന് കാരണമാകുന്നുണ്ട്.
പിച്ചള പാത്രങ്ങള്‍, ഒട്ടുപാത്രങ്ങള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍ നല്ല സോഫ്റ്റായിട്ടുള്ള സ്‌ക്രബ്ബര്‍ അല്ലെങ്കില്‍ തുണി എന്നിവ ഉപയോഗിക്കാന്‍ മറക്കരുത്. നല്ല പരുപരുത്ത സാധനങ്ങള്‍ ഉപയോഗിക്കുന്നത് പാത്രങ്ങളില്‍ സ്‌ക്രാച്ച് വീഴുന്നതിന് കാരണമാകുന്നു. പാത്രങ്ങളെല്ലാം തന്നെ നല്ല പുതുപുത്തന്‍ പോലെ തിളങ്ങാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….
- നാരങ്ങനീര് – വെറും നാരങ്ങനീര് ഉപയോഗിച്ചും നിങ്ങള്‍ക്ക് ഓട്ടുപാത്രങ്ങള്‍ വെളുപ്പിച്ച് എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി നിങ്ങള്‍ നാരങ്ങ മുറിച്ച് ഇത് പാത്രത്തിന്റെ എല്ലാഭാഗത്തും തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. ഇതും പാത്രങ്ങള്‍ നല്ലപോലെ വെട്ടിത്തിളങ്ങുന്നതിന് സഹായിക്കുന്നുണ്ട്. നാരങ്ങനീരില്‍ കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി പാത്രങ്ങള്‍ വൃത്തിയാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ തന്നെ വിനാഗിരിയില്‍ ഉപ്പ് ചേര്‍ത്ത് നന്നായി ലയിപ്പിച്ച് എടുക്കുക. ഇത് പാത്രത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം കഴുകി കളയുക. പാത്രത്തിലെ അഴുക്കെല്ലാം പോയി പുത്തനായി ഇരിക്കുന്നത് കാണാം.
- ഇഷ്ടിക പൊടിയും നാരങ്ങ നീരും -ഇതിനായി ഇഷ്ടിക നന്നായി പൊടിച്ച് എടുക്കുക. ഇത് ഒരു ടീ സ്പൂണ്‍ എടുത്ത് ഇതിലേയ്ക്ക് കുറച്ച് നാരങ്ങനീരും ചേര്‍ത്ത് മിക്‌സ് ചെയ്ത് എടുക്കണം. ഇത് ഒട്ടുപാത്രത്തില്‍ നന്നായി തേച്ച് പിടിപ്പിക്കണം. അഞ്ച് മിനിറ്റിന് ശേഷം പാത്രം കഴുകുന്ന സ്‌ക്രബ്ബര്‍ ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്.
- ഇഷ്ടികപ്പൊടി ഇല്ലെങ്കില്‍ – ഇഷ്ടികപ്പൊടി ഇല്ലെങ്കില്‍ കുറച്ച് അരിപ്പൊടി ഉണ്ടെങ്കിലും വൃത്തിയാക്കിയെടുക്കാം. ഇത് തയ്യാറാക്കുന്നതിനായി നിങ്ങള്‍ ഒരു ടീസ്പൂണ്‍ ഉപ്പു പൊടി എടുക്കുക. അതുപോലെ, ഇതിലേയ്ക്ക് കുറച്ച് അരിപ്പൊടിയും വിനാഗിരിയും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കി എടുക്കണം. അതിന് ശേഷം ഇത് ക്ലീവ് പിടിച്ച പാത്രത്തില്‍ തേച്ച് പിടിപ്പിയ്ക്കണം. പാത്രത്തില്‍ നന്നായി എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കണം. ഒരു 10, 15 മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ഇത് തുടച്ച് കളയാവുന്നതാണ്. അല്ലെങ്കില്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകി എടുക്കാവുന്നതാണ്.