Celebrity

‘ഓരോ അമ്മയുടേയും യാത്ര വ്യത്യസ്തവും മനോഹരവുമാണ്’, മക്കളെ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് ചിന്മയി

മുലയൂട്ടലിന്റെ പ്രാധാന്യത്തേക്കുറിച്ച് അവബോധം പകരാൻ വേണ്ടിയാണ് ഓ​ഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും രോ​ഗപ്രതിരോധശേഷിയിലും മുലപ്പാലിന്റെ സ്ഥാനം വലുതാണ്. ലോകമുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മക്കളെ പാലൂട്ടുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ​ഗായിക ചിന്മയി. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് രണ്ടുമക്കളെയും മുലയൂട്ടുന്ന ചിത്രം ചിന്മയി പങ്കുവെച്ചത്.

രണ്ടുമക്കൾക്കും ഒരേസമയം മുലയൂട്ടുന്നത് താൻ ഇഷ്ടപ്പെട്ടിരുന്ന കാര്യമാണെന്നു പറഞ്ഞാണ് ചിന്മയി കുറിപ്പ് ആരംഭിക്കുന്നത്. കിടന്നും നിന്നും ഇരുന്നും ചാഞ്ഞുമൊക്കെ അവരെ മുലയൂട്ടിയിട്ടുണ്ട്. നിങ്ങൾക്ക് വേണമെന്നുതോന്നുന്ന ഏത് പൊസിഷനിലും കുഞ്ഞുങ്ങളെ മുലയൂട്ടാമെന്നും ഓരോ അമ്മയുടേയും യാത്ര വ്യത്യസ്തവും മനോഹരവുമാണെന്നും ചിന്മയി കുറിച്ചു.

നേരത്തേയും മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ചിന്മയി ഇതേ ചിത്രം പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും മനോഹമായ കാര്യമാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് അന്ന് ചിത്രം പോസ്റ്റ് ചെയ്തത്.

2022 ജൂണിലാണ് ചിന്മയിക്കും നടനും സംവിധായകനുമായ രാഹുലിനും ഇരട്ടക്കുട്ടികൾ പിറന്നത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് മക്കളുടെ പേര്.