ഒരു വീടും അതിന്റെ ബേസ്മെന്റുമാണ് ഇപ്പോള്‍ എല്ലായിടത്തെയും ചർച്ചാ വിഷയം . സംഭവം നടന്നത് ചൈനയിലെ ഒരു വീട്ടിലാണെങ്കിലും അതിന് ഓസ്കാര്‍ പുരസ്കാരം സ്വന്തമാക്കിയ ‘ പാരസൈറ്റ്’ എന്ന കൊറിയന്‍ ചിത്രവുമായിയാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്.
സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ്. അവിടെ താമസിക്കുന്നത് ലീ എന്ന വ്യക്തിയാണ്. ഏഴ് വർഷം മുമ്പ് ഏകദേശം 2 ദശലക്ഷം യുവാന്‍ (₹2.24 കോടിയിൽ കൂടുതൽ) വിലയ്ക്ക് വാങ്ങിയതാണ് ഈ വീട്.
എന്നാല്‍ കഴിഞ്ഞ 7 വർഷമായി തന്റെ വീടിന്റെ ബേസ്മെന്റിനുള്ളില്‍ താന്‍ അറിയാതെ ഒരാള്‍ താമസിക്കുന്നുവെന്ന കാര്യമറിഞ്ഞ് അയാള്‍ ഞെട്ടി ! അതാരാണെന്ന് അറിഞ്ഞപ്പോഴാണ് അതിനേക്കാള്‍ അമ്പരന്നത്. അത് മറ്റാരുമല്ല, ലീ ആരുടെ കൈയില്‍ നിന്നാണോ വീട് വാങ്ങിയത് ആ വ്യക്തി തന്നെ.
അടുത്തിടെ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായിയാണ് ബേസ്മെന്റിന് ഉള്ളിലേക്കുള്ള പടിക്കെട്ടിന് പിന്നിലുള്ള ആ രഹസ്യ വാതില്‍ ലീ കണ്ടെത്തുന്നത്. വാതില്‍ തുറന്ന ലീ കണ്ടത് ബേസ്മെന്റിനുള്ളില്‍ ലൈറ്റ്, വെന്റിലേഷന് സംവിധാനം തുടങ്ങി ഒരു വീടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമായിരുന്നു. ചെറിയൊരു ബാര്‍ പോലും സജ്ജികരിച്ചിരിക്കുന്നു. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാരസൈറ്റ് എന്ന കൊറിയന്‍ ചിത്രത്തിലും ഇത്തരത്തില്‍ വീട്ടുകാര്‍ അറിയാതെ വീടിന്റെ ബേസ്മെന്റില്‍ താമസമാക്കിയ ചിലരെ കാണാം. ലീ വീടിന്റെ മുന്‍ ഉടമയെ വിളിച്ചു . എന്തിനാണ് ഈ ബേസ്മെന്റിന്റെ കാര്യം വീട് വിറ്റപ്പോള്‍ മറച്ച് വച്ചത് എന്ന് ചോദിച്ചു. എന്നാല്‍ ഉടമ പറഞ്ഞകാര്യം അക്ഷരാര്‍ത്ഥത്തില്‍ ലീയെ വീണ്ടും ഞെട്ടിച്ചു. താന്‍ വിറ്റത് വീട് മാത്രമാണെന്നും ബേസ്മെന്റ് വില്‍ക്കുന്നതായി പറഞ്ഞിട്ടില്ലെന്നുമായിരുന്നു മറുപടി . അത് തന്റെ സ്വകാര്യ വിനോദ സ്ഥലമാണെന്നും ബേസ്മെന്റ് ഇപ്പോഴും തന്റെ ഉടമസ്ഥതയിലാണെന്നും ഉടമ പറഞ്ഞു.
തുടര്‍ന്ന് ലീ കോടതിയെ സമീപിച്ച് ബേസ്മെന്റിന്റെ അവകാശം നേടിയെടുക്കുകയായിരുന്നു.7 വര്‍ഷം ലീയെ കബളിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.