ലിംഗസമത്വത്തില്‍ ലോകം നയിക്കപ്പെടുന്ന ഒരു കാലത്ത് ആണ്‍പെണ്‍ വ്യത്യാസങ്ങളെക്കുറിച്ച് ലോകം അധികം ചിന്തിച്ചു വേവലാതിപ്പെടുന്നില്ല. എന്നാല്‍ ഒരു ആണ്‍കുഞ്ഞിന് വേണ്ടിയുള്ള ഒമ്പത് ശ്രമവും പരാജയപ്പെട്ട ഒരു ദമ്പതിമാര്‍ തങ്ങള്‍ക്കുണ്ടായ ഒമ്പത് പെണ്‍മക്കള്‍ക്കും പേരിനൊപ്പം ഒരു ആണ്‍കുട്ടിയെ പ്രതീക്ഷിക്കുന്നതിന്റെ സൂചന നല്‍കുന്ന പേരിടാന്‍ മറന്നില്ല. കിഴക്കന്‍ ചൈനയിലെ ഒരു ദമ്പതികളാണ് ഒമ്പത് ശ്രമങ്ങളും പാഴായിട്ടും ഇപ്പോഴും ഒരു ആണ്‍കുഞ്ഞിനായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ഒമ്പത് പെണ്‍മക്കളെ സ്വീകരിച്ച ദമ്പതിമാര്‍ അവര്‍ക്കെല്ലാം പേരിട്ടപ്പോള്‍ ‘സഹോദരന്‍’ എന്നതിനെ കുറിക്കുന്ന ചൈനീസ് ‘ഡി’ എന്ന പദം പേരിനൊപ്പം ചേര്‍ത്തു. ഒരു ആണ്‍കുട്ടിയോടുള്ള അവരുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ചേര്‍പ്പുകള്‍. മൂത്ത മകള്‍ക്ക് ‘ഷാവോഡി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ‘ഒരു സഹോദരന് വേണ്ടി അപേക്ഷിക്കുന്നു’ എന്നാണ് ഇതിനര്‍ത്ഥം. രണ്ടാമത്തെ മകള്‍ക്ക് ‘പാന്‍ ഡി’ എന്നും മൂന്നാമത്തേതിന് ‘വാങ്ഡി’ എന്നും പേരിട്ടു. രണ്ടു പദങ്ങളുടേയും അര്‍ത്ഥം ‘ഒരു സഹോദരനെ പ്രതീക്ഷിക്കുന്നു’ എന്നത് തന്നെ.
തുടര്‍ന്ന് അടുത്തയാള്‍ക്ക് ‘ഒരു സഹോദരനെ ചിന്തിക്കുന്നു’ എന്നര്‍ത്ഥം വരുന്ന ‘സിയാങ്ഡി’ എന്നും ‘സഹോദരന്‍ വരുന്നു’ എന്നര്‍ത്ഥം വരുന്ന ‘ലൈഡി’ എന്നും അടുത്തവര്‍ക്ക് പേരിട്ടു. ‘സഹോദരനെ സ്വാഗതം ചെയ്യുന്നു’ എന്നര്‍ത്ഥം വരുന്ന ‘യിങ്ഡി’, ‘സഹോദരനെ കാണുന്നില്ല’ എന്നര്‍ത്ഥം വരുന്ന ‘നിയാന്‍ ഡി’ എന്നിവയാണ് അടുത്തവര്‍ക്ക്. ഏറ്റവും ശ്രദ്ധേയമായ പേര് എട്ടാമത്തെ മകളായ ‘ചൗഡി’യുടേതാണ്, അതായത് ‘സഹോദരനെ വെറുക്കുക’ എന്നാണ് ഇതിനര്‍ത്ഥം. ഇത് ഒരു മകനെക്കുറിച്ചുള്ള മാതാപിതാക്കളുടെ നിരാശ വെളിപ്പെടുത്തുന്നു. എറ്റവും ഇളയ മകള്‍ക്ക് ‘സഹോദരനെക്കുറിച്ചുള്ള സ്വപ്‌നം’ എന്നര്‍ത്ഥം വരുന്ന ‘മെങ്ഡി’ എന്നും പേരിട്ടു.
മൂത്തവളും ഇളയവളും തമ്മില്‍ 20 വയസ്സ് പ്രായ വ്യത്യാസമുള്ള ഒമ്പത് സഹോദരിമാര്‍ ജിയാങ്സു പ്രവിശ്യയിലെ ഹുവായാനിലെ ഒരു ഗ്രാമത്തിലാണ് ജനിച്ച് വളര്‍ന്നത്. ഇപ്പോള്‍ 81 വയസ്സുണ്ട് അവരുടെ പിതാവ് ജിയ്ക്ക്. മാര്‍ച്ച് ആദ്യം ഒരു പ്രധാന സോഷ്യല്‍ മീഡി യ പ്ലാറ്റ്ഫോമില്‍ ‘സിയാങ്ഡി’ അവരുടെ ജീവിതത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെ യ്യാന്‍ തുടങ്ങിയതോടെയാണ് ഈ കുടുംബം പൊതുജന ശ്രദ്ധ നേടിയത്. വീഡിയോ കള്‍ വലിയരീതിയില്‍ ശ്രദ്ധനേടുകയും സഹോദരിമാരുടെ ജീവിതം ശ്രദ്ധിക്കപ്പെടു കയും ചെയ്തു.
ദരിദ്രരായ കര്‍ഷകരായിരുന്നിട്ടും, തന്റെ പെണ്‍മക്കളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പു നല്‍കാന്‍ പിതാവിന് കഴിഞ്ഞു. ചൈനയില്‍ ജിയുടെ സാഹചര്യം വ്യത്യസ്തമല്ല, കാരണം വാര്‍ദ്ധക്യത്തില്‍ തങ്ങളെ പിന്തുണയ്ക്കുന്ന ഒരു മകന്‍ ഉണ്ടാകണമെന്ന് പല ദമ്പതികളും വിശ്വസിക്കുന്നു. പരമ്പരാഗതമായി, വിവാഹശേഷം പെണ്‍മക്കള്‍ മാതാപിതാക്കളെ പരിപാലിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, സാധാരണയായി കുടുംബ സ്വത്തിന് അവര്‍ക്ക് അവകാശമില്ല. വിവാഹം കഴിച്ചുകൊടുത്ത മകള്‍ ഒഴുക്കികളഞ്ഞ വെള്ളം പോലെയാണെന്ന് ഒരു പഴഞ്ചൊല്ലു തന്നെയുണ്ട്.