Good News

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് വീണ്ടും; നൂറ്റിനാലാം വയസ്സില്‍ സ്‌കൈ ഡൈവ് ചെയ്ത് ഡൊറോത്തി മുത്തശ്ശി

പ്രായം 50 കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവരാണ് അധികവും. എന്നാല്‍ മറ്റു ചിലരാകട്ടെ പ്രായം വെറും നമ്പര്‍ മാത്രമാണന്നു കരുതുകയും വ്യത്യസ്തമായ കാര്യങ്ങളില്‍ ഇടപെട്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയും ചെയ്യും. വാര്‍ദ്ധക്യത്തില്‍ എത്തിയ ഒരു ചിക്കാഗോ സ്ത്രീ, വടക്കന്‍ ഇല്ലിനോയിസില്‍ തന്റെ വാക്കര്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് ടാന്‍ഡം ജമ്പ് നടത്തിയാണ് ഞെട്ടിച്ചിരിക്കുന്നത്.

ഡൊറോത്തി ഹോഫ്‌നര്‍ നൂറ്റിനാലാം വയസ്സിലാണ് സ്‌കൈഡൈവിംഗില്‍ ആവേശം കാട്ടിയത്. ഇതോടെ ഈ സാഹസീക വിനോദത്തില്‍ ഏര്‍പ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഇവര്‍ മാറി. ചിക്കാഗോയില്‍ നിന്ന് 85 മൈല്‍ അകലെയുള്ള ഒട്ടാവയിലെ സ്‌കൈഡൈവ് ഇടത്തായിരുന്നു സാഹസീക അഭ്യാസം. ‘പ്രായം വെറും സംഖ്യ മാത്രമാണ്. നിലംതൊട്ട ശേഷം ഡൊറോത്തി ഹോഫ്‌നര്‍ ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞു.ഇതിലൂടെ ഹോഫ്‌നര്‍ ഗിന്നസ് റെക്കോഡിലും ഇടം പിടിച്ചു.

2022 മെയ് മാസത്തില്‍ സ്വീഡനില്‍ നിന്നുള്ള 103 വയസ്സുള്ള ലിനിയ ഇംഗഗാര്‍ഡ് ലാര്‍സണ്‍ ആണ് ഏറ്റവും പ്രായം കൂടിയ സ്‌കൈ ഡൈവര്‍. ഹോഫ്‌നറുടെ കുതിപ്പ് സ്‌കൈഡൈവ് ചിക്കാഗോ പുതിയ റെക്കോഡായി എഴുതിച്ചേര്‍ത്തു. അതേസമയം ഇതാദ്യമായിട്ടല്ല ഹോഫ്‌നര്‍ ഈ സാഹസീക പരിപാടി ചെയ്യുന്നത്. 100 വയസ്സുള്ളപ്പോള്‍ ഹോഫ്നര്‍ ആദ്യമായി സ്‌കൈഡൈവ് ചെയ്തിട്ടുണ്ട്.