ഒരു കുഞ്ഞുണ്ടാകാന്‍ വേണ്ടി എന്തുമാര്‍ഗവും സ്വീകരിക്കുന്നത് ശരിയാണോ? ശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് അതിന് ധാരാളം ചികിത്സാ മാര്‍ഗങ്ങളുള്ളപ്പോള്‍ മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാനും അവരെ അന്ധവിശ്വാസത്തിന്റെ വഴിയില്‍ പെടുത്തി തട്ടിപ്പു നടത്തുന്നവരുമുണ്ട്.
ഒരു കുഞ്ഞുണ്ടാവാന്‍ വേണ്ടി നടത്തിയ പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവ് മരണപ്പെട്ടു. ഛത്തീസ്ഗഡിലെ അംബികാപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ചിന്ത്കാലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന മുപ്പത്തിയഞ്ചുകാരനാണ് ഈ ഹതഭാഗ്യന്‍.
പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ അകത്താക്കിയ ആനന്ദിന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ കുഴഞ്ഞുവീണെന്നാണ് ബന്ധുക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ആനന്ദിന് ജീവന്‍ അപ്പോഴേക്കും നഷ്ടമായിരുന്നു.
മരണകാരണം എന്താണെന്ന് വ്യക്തമാകാതെ ഡോക്ടര്‍മാര്‍ കുഴങ്ങി. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ കഴുത്തിന്റെ ഭാഗം പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ കണ്ടത് ജീവനോടെയിരിക്കുന്ന കോഴിക്കുഞ്ഞിനെ കണ്ടത്. സമാന്യം വലുപ്പമുള്ള കോഴിക്കുഞ്ഞ് തൊണ്ടയില്‍ കുടുങ്ങിയതോടെ യുവാവിന് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞത്.
ആനന്ദിന് അമിത അന്ധവിശ്വാസമുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ദീര്‍ഘകാലം കുഞ്ഞുങ്ങളില്ലാതായതോടെ കുഞ്ഞുണ്ടാകാന്‍ വേണ്ടി പല മന്ത്രവാദങ്ങളും പൂജകളും ഇയാള്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടാകാം കോഴിക്കുഞ്ഞിനെ വിഴുങ്ങിയത് എന്നാണ് അയല്‍ക്കാരുടെ ഭാഷ്യം.