Sports

വാങ്കഡേയില്‍ രോഹിത്ശര്‍മ്മയ്ക്ക് ചരിത്രനേട്ടം ; ഐപിഎല്‍ സിക്‌സറു കളില്‍ സെഞ്ച്വറി

ഇതുവരെയും തന്റെ ശരിയായ ഫോമില്‍ എത്തിയിട്ടില്ലെങ്കിലും മുംബൈസിറ്റി മുന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ഒരു കുറവുമില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ്മ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഒരേ വേദിയില്‍ സിക്‌സറിന്റെ കാര്യത്തില്‍ സെഞ്ച്വറി നേടി.

ഒരു പന്ത് മുതല്‍ തന്നെ ആക്രമണോത്സുകതയോടെ കാണപ്പെട്ട അദ്ദേഹം മുഹമ്മദ് ഷമിക്കെതിരെയുള്ള സിക്‌സറിലൂടെ റെക്കോര്‍ഡ് ബുക്കുകളില്‍ തന്റെ പേര് രേഖപ്പെടുത്തി. തന്റെ പ്രിയപ്പെട്ട വാങ്കഡെ സ്റ്റേഡിയത്തില്‍ അദ്ദേഹം 100 ഐപിഎല്‍ സിക്സറുകള്‍ തികച്ചു. എസ്ആര്‍എച്ച് പേസര്‍, ഷമി എറിഞ്ഞ ഷോര്‍ട്ട് ലെങ്ത് പന്ത് സിക്‌സറിന് പറത്തുകയായിരുന്നു.

സ്‌ട്രോക്ക് അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതായിരുന്നില്ല. എന്നിരുന്നാലും, ഐപിഎല്ലില്‍ വളരെ കുറച്ചുപേര്‍ മാത്രം പൂര്‍ത്തിയാക്കിയ ഗംഭീരമായ നേട്ടം അദ്ദേഹം നേടി. ഷമിക്കെതിരായ സിക്സിനു പുറമേ, രണ്ട് വലിയ ഹിറ്റുകള്‍ കൂടി അദ്ദേഹം അടിച്ചുകൂട്ടി, അദ്ദേഹത്തിന്റെ സിക്‌സറുകളുടെ എണ്ണം 102 ആയി. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സിക്‌സറുകള്‍ നേടിയ കളിക്കാരില്‍ മുന്നില്‍ വിരാട് കോഹ്ലിയാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോഹ്ലി 130 സിക്‌സറുകള്‍ നേടി.

അദ്ദേഹത്തിന്റെ രണ്ട് മുന്‍ സഹതാരങ്ങളായ ക്രിസ് ഗെയ്ലും എബിഡിയും ഒരേ വേദിയില്‍ നൂറിലധികം സിക്സറുകള്‍ അടിച്ചു. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ച വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ 127 സിക്‌സുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേടിയപ്പോള്‍ എബി ഡിവില്ലിയേഴ്‌സ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 118 സിക്‌സറുകള്‍ പറത്തി. രോഹിത് ശര്‍മ്മ 103 വാങ്കഡെ, കീറോണ്‍ പൊള്ളാര്‍ഡ് 85 വാങ്കഡെ എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സിക്‌സറുകളുടെ കണക്കുകള്‍.