ഈജിപ്തിലെ ശക്തയായ ഭരണാധികാരിയും ചരിത്രത്തിൽ സ്ത്രീസൗന്ദര്യത്തിന്റെ പര്യായവുമായ ക്ലിയോപാട്രക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് ക്ലിയോപാട്രയുടെ മകളെ കുറിച്ചറിയുമോ? വളരെ ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു അവര്‍. മാര്‍ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും പുത്രിയായ ക്ലിയോപാട്ര സെലിനെക്കുറിച്ചാണ് പറയുന്നത്. ബിസി 40 ൽ ജനിച്ച് അലക്സാണ്ട്രിയയിലെ രാജകൊട്ടാരത്തിൽ വളർന്ന ക്ലിയോപാട്ര സെലീന് അവളുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ ഏകദേശം 10 വയസ്സായിരുന്നു.
റോമന്‍ ചക്രവര്‍ത്തിയായ ആഗസ്റ്റസ് സെലിനെയും സഹോദരങ്ങളെയും റോമിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ മാര്‍ക് ആന്റണിയുടെ ആദ്യ ഭാര്യയായ ഒക്ടേവിയയുടെ സംരക്ഷണത്തിലാക്കി. ഒക്ടേവിയ അഗസ്റ്റസിന്റെ സഹോദരി കൂടിയായിരുന്നു. വളര്‍ന്നുവന്നപ്പോള്‍ അഗസ്റ്റസ് സെലിനെ ക്രീറ്റ്, സൈറെനയ്ക് മേഖലകളുടെ റാണിയാക്കി.
നുമീഡിയ എന്നൊരു രാജ്യമുണ്ടായിരുന്നു. ജൂലിയസ് സീസറിന് എതിരായിരുന്ന ഈ രാജ്യത്തിനെ സീസര്‍ കീഴടക്കി. അവിടുത്തെ രാജാവ് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് രാജകുമാരനെ സൈന്യം റോമിലേക്ക് കൊണ്ടുപോയി. സെലിന്‍ ജുബ എന്ന് പേരുള്ള ഈ രാജകുമാരനെ വിവാഹം ചെയ്തു. ആഫ്രിക്കയിലെ മൗറിട്ടാനിയ എന്ന രാജ്യം ഭരിക്കാനായി ഇവര്‍ നിയോഗിക്കപ്പെട്ടു. പഴയ മൗറിട്ടാനിയ റോമിന്റെ സാമന്തര രാജ്യമായി വര്‍ത്തിച്ചു.
സെലിന്‍ ജുബയെ ഭരണമേല്‍പ്പിച്ച് കുടുംബജീവിതവുമായി മുന്നോട്ട് പോകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ ഇരുവരും തുല്യ അധികാരത്തോടെ രാജ്യം ഭരിക്കുകയാണ് ചെയ്തത്. അഗസ്റ്റസിനോടുള്ള ബഹുമാനാര്‍ഥം മൗറിട്ടാനിയയുടെ തലസ്ഥാന നഗരത്തിന് സീസേറിയ എന്ന് പേര് ഇരുവരും നല്‍കി. നഗരത്തില്‍ ഈജിപ്ഷ്യന്‍ പാരമ്പര്യം കൊണ്ടുവരാനായി സെലിന്‍ ശ്രമിച്ചിരുന്നു. തനിക്ക് ഉണ്ടായ മകന് ക്ലിയോപാട്രയുടെ രാജവംശമായ ടോളമിയെന്ന പേര് നല്‍കി. ക്ലിയോപാട്രയുടെ മകളെന്നു പറയുന്നതിൽ സെലിൻ അഭിമാനം കൊണ്ടിരുന്നു. നാണയങ്ങളിലും മറ്റും അവരത് എഴുതിവച്ചു.
ഒക്ടാവിയന്റെ ബഹുമാനാർത്ഥം സെലീൻ മൗററ്റാനിയൻ തലസ്ഥാന നഗരമായ ഇയോളിന് ഒരു പുതിയ പേര് നൽകി – സിസേറിയ. തുറമുഖത്ത് പ്രസിദ്ധമായ ഫാറോസിന് സമാനമായ ഒരു വിളക്കുമാടം, വിശാലമായ കൊട്ടാരം, ഒരു ആംഫി തിയേറ്റർ എന്നിവ നിർമ്മിച്ചു. അവർ പഴയ ക്ഷേത്രങ്ങൾ പുതുക്കിപ്പണിയുകയും പുതിയവ പ്രതിഷ്ഠിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ 35-ാം വയസ്സില്‍ സെലിന്‍ മരിച്ചു. രാജ്ഞിയെ അതിമനോഹരമായ ഒരു ശവകുടീരത്തിൽ സംസ്‌കരിച്ചു, അതിന്റെ അവശിഷ്ടങ്ങൾ ഇന്നും അൾജീരിയയിലെ ചെർചെല്ലിന് സമീപം കാണാം. ഭാര്യയുടെ മരണത്തിനു ശേഷവും ജൂബ രണ്ടു ദശാബ്ദക്കാലം മൗറെറ്റാനിയയുടെ ഭരണം തുടർന്നു, AD 21-ൽ അവരുടെ മകൻ ടോളമിയെ സഹ-ഭരണാധികാരിയായി നിയമിച്ചു.