Good News

കന്നുകാലികളെ വളര്‍ത്തും, പക്ഷെ പാല്‍ വില്‍ക്കാറില്ല: രാജസ്ഥാനിലെ ആ വിചിത്ര ഗ്രാമം ഇതാണ്

ലോകത്തിലെ ഏറ്റവും ശാന്തസുന്ദരമായ ജീവിതവും കാഴ്ചകളും കാണപ്പെടുന്നത് ഗ്രാമങ്ങളിലാണ്. തിരക്കുപിടിച്ച നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കൃഷിയിലും കന്നുകാലിവളര്‍ത്തലിലുമാണ് ഇവിടെയുള്ളവര്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ഗ്രാമീണര്‍ ഉപജീവനം നയിക്കുന്നതും. മിക്ക ആളുകള്‍ക്കും കന്നുകാലികളുള്ളതിനാല്‍ പാലിന്റെ പ്രധാന ഉറവിടവും ഗ്രാമങ്ങളാണ്. ഒന്നുകില്‍ അവര്‍ പാല്‍ കമ്പനികള്‍ക്കോ അവരുടെ ഗ്രാമത്തിലെ ആളുകള്‍ക്കോ വില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപാടാണ്, രാജസ്ഥാനിലെ സിരോഹി ഗ്രാമവാസികള്‍ക്കുള്ളത്. ഏകദേശം 100 വര്‍ഷം മുമ്പ് ഈ ഗ്രാമം സന്ദര്‍ശിച്ച മഹന്ത് മുനിജി ഷംഷേര്‍ഗിരി മഹാരാജിന് ഗ്രാമവാസികള്‍ നല്‍കിയ വാക്കാണ് അവരിന്നും പിന്തുടര്‍ന്നു പോകുന്നത്.

ഈ മുനി അവിടെ തപസ്സനുഷ്ഠിച്ചപ്പോള്‍, പശുക്കളുടെയും എരുമകളുടെയും പാല്‍ മറ്റ് ഗ്രാമങ്ങളിലേക്ക് വില്‍ക്കരുതെന്ന് അദ്ദേഹം ഗ്രാമവാസികളോട് ഉപദേശിച്ചു, കാരണം അങ്ങനെ ചെയ്താല്‍ അത് ഒരാളുടെ കുട്ടിയെ വില്‍ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഗ്രാമീണരോട് പറഞ്ഞു. മുനിയുടെ ഈ വാക്കുകള്‍
ഗ്രാമവാസികള്‍ കൈക്കൊള്ളുകയും പാല്‍ വില്‍ക്കരുതെന്ന് തീരുമാനിക്കുകയും ചെയ്തു.

നാല് തലമുറവരെ ഗ്രാമവാസികള്‍ ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. ഇതോടെ കന്നുകാലികളെ വളര്‍ത്തുന്ന കുടുംബങ്ങളെല്ലാം ഡയറിയിലേക്ക് പാല്‍ നല്‍കുന്നത് നിരോധിച്ചു. 200-ലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ അവരുടെ പശുക്കളില്‍ നിന്നും എരുമകളില്‍ നിന്നുമായി പ്രതിദിനം 800-1000 ലിറ്റര്‍ പാലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഗണ്യമായ ഉല്‍പ്പാദനം ഉണ്ടായിട്ടും ആരും പാല്‍ ഡയറിക്കു വില്‍ക്കുന്നില്ല.

അങ്ങനെയിരിക്കെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ഡയറി കമ്പനി ഗ്രാമത്തില്‍ ഒരു ക്ഷീര ശേഖരണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചു, എന്നാല്‍ ഗ്രാമവാസികള്‍ ഷംശര്‍ഗിരി മഹാരാജിനോടുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുകയും കമ്പനിയുടെ താല്പര്യത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹരിയാനയിലെ നാഥുവാസ് എന്ന മറ്റൊരു ശ്രദ്ധേയ ഗ്രാമം. അവിടെ താമസക്കാര്‍ സൗജന്യമായി പങ്കിടുന്ന ഒരു സമ്മാനമാണ് പാല്‍. ഭിവാനിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ പാല്‍ സൗജന്യമായി ലഭ്യമാകുന്നതുകൊണ്ട് തന്നെ പാലിന്റെ വിലയോ ലഭ്യതയോ ഓര്‍ത്തു ആരും ആശങ്കപെടാറില്ല.
രസകരമായ കാര്യം എന്തെന്നാല്‍ നതുവാസിലെ ഓരോ വീട്ടിലും രണ്ടോ മൂന്നോ പശുക്കളോ എരുമകളോ ഉള്ള ഒരു ചെറിയ കൂട്ടം ഉണ്ട്. എന്നിട്ടും ഗ്രാമീണര്‍ പാല്‍ വില്‍ക്കുകയോ ലാഭിക്കുകയോ ചെയ്യുന്നില്ല. പകരം, അവര്‍ പാല്‍ ആവശ്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി നല്‍കുകയാണ്.. ഏകദേശം 150 വര്‍ഷമായി ഗ്രാമീണര്‍ ഈ പാരമ്പര്യമാണ് പിന്തുടര്‍ന്നുപോരുന്നത്.

പാലും മോരും സൗജന്യമായി കൊടുക്കുന്ന ഈ പാരമ്പര്യം ഗ്രാമത്തിന്റെ കാവല്‍ ദൈവമായ ബാബ നാഥുവിനോടുള്ള ബഹുമാനര്‍ത്ഥത്തിന്റെ പ്രതീകമാണ്. കരുണയ്ക്കും ഔദാര്യത്തിനും പേരുകേട്ട ഒരു ദയാലുവായ സന്യാസിയായിരുന്നു ബാബ നാഥു. ബാബ നാഥു തങ്ങളെ സമൃദ്ധമായി പാലും മോരും നല്‍കി അനുഗ്രഹിച്ചതായിട്ടാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.

കാരണം എന്തുതന്നെയായാലും, പാലും മോരും സൗജന്യമായി നല്‍കുന്ന നതുവാസികളുടെ പാരമ്പര്യം ഇന്ന് അവരുടെ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഗ്രാമത്തിന്റെ ആതിഥ്യമര്യാദയുടെയും ഔദാര്യത്തിന്റെയും പ്രതീകമാണിത്. അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാവര്‍ക്കും പുതിയതും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നു.

മാത്രമല്ല, ഈ സമ്പ്രദായം ഗ്രാമത്തിലെ കന്നുകാലികളുടെ ക്ഷേമവും ഉറപ്പാക്കുന്നു. വാണിജ്യ നേട്ടത്തേക്കാള്‍ പശുക്കളുടെയും എരുമകളുടെയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിലൂടെ, ഗ്രാമവാസികള്‍ മുഴുവന്‍ സമൂഹത്തിനും സുസ്ഥിരവും സ്ഥിരവുമായ പാല്‍ സ്രോതസ്സ് ഉറപ്പാക്കുന്നു.