The Origin Story

ഒരുകാലത്ത് തരംഗമായിരുന്ന കാസെറ്റുകള്‍ തിരിച്ചുവരുന്നു; ആരായിരുന്നു ലൂ ഓറ്റെന്‍സ് എന്ന് പ്രതിഭ

തൊണ്ണൂറുകളിലെ മനുഷ്യരുടെ മനസിലെ നോസ്റ്റാല്‍ജിയയാണ് കാസെറ്റുകള്‍. എത്ര എത്ര മനോഹരമായ പാട്ടുകളാണാല്ലേ നമ്മള്‍ ഇതിലൂടെ കേട്ടിരിക്കുന്നത്. പിന്നീട് സിഡി വന്നതോടെ ആളുകള്‍ കാസെറ്റിനെ മറന്നുതുടങ്ങി. എന്നാല്‍ ഇപ്പോള്‍ കസെറ്റുകള്‍ ഒരു മടങ്ങിവരവിനായി ഒരുങ്ങുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കസെറ്റുകളുടെയും സ.ഡി.കളുടേയും ചരിത്രത്തില്‍ ലൂ ഓറ്റെന്‍സിന്റെ പേര് ഒരിക്കലും മറക്കാനാവില്ല.

1926ല്‍ ജനിച്ച ഓറ്റെന്‍സ്. കുട്ടിക്കാലത്ത് തന്നെ സങ്കേതിക വിദ്യയില്‍ ഒരു പ്രതിഭയായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് തന്റെ കുടുംബത്തിന് കേള്‍ക്കാനായി ഒരു റേഡിയോ നിര്‍മിച്ചിരുന്നു. ഡച്ച് വ്യോമസേനയില്‍ സൈനികനായി ജോലി ചെയ്തതിന് ശേഷം മെക്കാനിക്കല്‍ എന്‍ജീനീയറിങ് അദ്ദേഹം ബിരുദപഠനത്തിനായി ചേര്‍ന്നു. പിന്നീട് ഫിലിപ്സ് കമ്പനിയില്‍ ജോലി ചെയ്തു. ചുരുങ്ങിയ കാലയളവില്‍ തന്നെ വിവിധ ഉദ്യോഗ കയറ്റങ്ങള്‍ സ്വന്തമാക്കി. 33-ാം വയസില്‍ കമ്പനിയുടെ പോഡക്ടറ്റ് ഡവലപ്മെന്റ് വിഭാഗത്തിന്റെ മേധാവിയായി. തുടര്‍ന്ന് അദ്ദേഹം ലോകത്തെ ആദ്യത്തെ പോര്‍ട്ടബിള്‍ ടേപ്പ് റിക്കോര്‍ഡര്‍ നിര്‍മിച്ചു. പിന്നീട് 10 ലക്ഷത്തിലധികം ടേപ്പ് റെക്കോര്‍ഡറാണ് വിറ്റ് പോയത്.

ഇതിന് മുമ്പ് വലിയ റീല്‍ ടു റീല്‍ ടേപ്പ് സംവിധാനമായിരുന്നു ഉപയോഗത്തിലുണ്ടായിരുന്നത്. ഇതിന്റെ വലിപ്പംമൂലമുള്ള സൗകര്യമില്ലായ്മയാണ് പോക്കറ്റിൽ വയ്ക്കാവുന്ന കാസെറ്റ് എന്ന ആശയത്തിലേക്കു ഓറ്റെൻസിനെ എത്തിച്ചത്. 1963ലായിരുന്നു കസെറ്റുകള്‍ പുറത്തിറങ്ങുന്നത്. ഒരു സിഗരറ്റ് പാക്കറ്റിനെക്കാള്‍ ചെറുതെന്ന മുഖവിരയോടെയാണ് ഇവ പുറത്തിറക്കിയത്. കാസറ്റ് പിന്നീട് ജപ്പാനിലെ സോണി കമ്പനിയും ഏറ്റെടുത്തു. പതിനായിരം കോടി കസെറ്റുകൾ ലോകത്തെമ്പാടും വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക് ഒപ്പം സംഗീതം ജനകീയമാകുകയും ചെയ്തു.

ഇതിന് ശേഷം സിഡി യുഗത്തിനും തുടക്കം കുറിച്ചത് ഇദ്ദേഹം തന്നെയാണ്.1978ലാണ് കോംപാക്ട്റ്റ് ഡിസ്‌ക് എന്ന ആശയം ഫിലിപ്സ് കമ്പനി രൂപികരിച്ചത്. ഓറ്റെന്‍സിന് തന്നെയായിരുന്നു ഇതിന്റെയും നേതൃത്വം. സോണിയെന്ന കമ്പനിയുമായി സഹകരിച്ചാണ് സിഡി എന്ന ആശയം ഫിലിപ്സ് പൂര്‍ണതയിലെത്തിച്ചത്. കാസെറ്റുകൾ വിറ്റതിന്റെ ഏതാണ്ട് രണ്ടര ഇരട്ടി അധികം സിഡികൾ ലോകത്തു വിറ്റിട്ടുണ്ടെന്നാണു കണക്ക്.