Health

ക്യാന്‍സറിനൊരു പ്രതിരോധം : ഒമേഗ -3, ഒമേഗ -6 ഇവയുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെ?

ഹൃദയത്തിന്റെയും മസ്തിഷ്‌കത്തിന്റെയും ആരോഗ്യം ശരിയായി നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒമേഗ, ക്യാന്‍സറിനെതിരായ ശരീരത്തിന്റെ പ്രതിരോധം കൂടിയാണ്.

ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ യുചെന്‍ ഷാങ്ങിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ കാന്‍സറുകളെ പ്രതിരോധിക്കുമോ എന്ന് വിശകലനം ചെയ്യുകയുണ്ടായി

യുണൈറ്റഡ് കിംഗ്ഡത്തിലെ 250000 ആളുകളിലാണ് പഠനം നടത്തിയത് , ഏകദേശം 10 വര്‍ഷത്തോളം വിദഗ്ദ്ധര്‍ ഇവരെ പിന്തുടര്‍ന്നു , ഈ പഠനത്തില്‍ 30000 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്യാന്‍സര്‍ ഉള്ളതായി കണ്ടെത്തി .

പഠന ഫലങ്ങള്‍:

ഉയര്‍ന്ന അളവിലുള്ള ഒമേഗ -3 വന്‍കുടല്‍, ആമാശയം, ശ്വാസകോശ മറ്റ് ദഹനേന്ദ്രിയങ്ങള്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ അളവ് കുറയ്ക്കുന്നതായി പഠനം കാണിക്കുന്നു . ഒമേഗ-6 ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന അളവിലുള്ളവരില്‍ തലച്ചോറ്, ചര്‍മ്മം, മൂത്രസഞ്ചി എന്നിവയുള്‍പ്പെടെ 14 വ്യത്യസ്ത തരത്തിലുള്ള ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്.

ആളുകള്‍ ഭക്ഷണത്തില്‍ ഈ ആരോഗ്യകരമായ ഫാറ്റി ആസിഡുകളുടെ അളവ് വര്‍ദ്ധിപ്പിക്കേണ്ടത് എന്തുകൊണ്ടാണെന്ന് തെളിയിച്ചതായി ജോര്‍ജിയ സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും പഠനത്തിന്റെ ലീഡറുമായ യുചെന്‍ ഷാങ് യൂണിവേഴ്‌സിറ്റി റിലീസില്‍ പറഞ്ഞു.

ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ ഗുണങ്ങള്‍:

ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ് . ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതായി പഠനം കണ്ടെത്തി .
എന്നാല്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന അളവ് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി. സ്ത്രീകളില്‍, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സംരക്ഷണ പ്രഭാവം പുരുഷന്മാരേക്കാള്‍ കൂടുതലാണ്.

ക്യാന്‍സറിനെ ചെറുക്കാന്‍ ഫാറ്റി ആസിഡുകള്‍ എങ്ങനെ സഹായിക്കുന്നു?

ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും കോശവളര്‍ച്ച നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ക്യാന്‍സറില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഇത് കൂടുതല്‍ സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടങ്ങള്‍

കൊഴുപ്പുള്ള മത്സ്യം, പരിപ്പ്, വിത്തുകള്‍, ചില സസ്യ എണ്ണകള്‍ എന്നിവയില്‍ ഈ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ക്യാന്‍സറില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും സാല്‍മണ്‍, വാല്‍നട്ട്, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.