പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി സോഫകളും സെറ്റികളും വാങ്ങി അതിഥികള്‍ക്ക് ഇരിപ്പിടം കൊടുക്കാനാവാത്ത സാധാരണക്കാരനായ മലയാളിയുടെ ആശ്രമാണ് പ്ലാസറ്റിക് കസേര. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള വീട്ടിലും ആയിരക്കണക്കിന് അതിഥികളെത്തുന്ന ചടങ്ങുകളിലും പ്ലാസ്റ്റിക് കസേരയാണ് താരം. ‘കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകം കീഴടക്കി.
ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. ഇവ പൊതുവേ അറിയപ്പെടുന്നത് ‘മോണോബ്ലോക്ക് ചെയർ’ എന്ന പേരിലാണ്. ഒറ്റ പ്ലാസ്റ്റിക് കഷണത്തിൽ നിന്നും നിർമ്മിക്കപ്പെടുന്നുവെന്നതിനാലാണ് ഈ പേരു വന്നത്. പോളിപ്രൊപ്പലിൻ എന്ന റെസീൻ നിശ്ചിത താപനിലയിലുള്ള മോൾഡിലേക്ക് ഒഴിച്ചാണ് ഇവ തയാറാക്കുന്നത്. ഭാരക്കുറവും ഒപ്പം വിലക്കുറവുമാണ് ഈ കസേരകള്‍ ഇത്ര പോപ്പുലറാകാന്‍ കാരണം. ഒറ്റക്കസേരയുടെ സ്ഥാനത്ത് അടുക്കുകളായി വയ്ക്കാം എന്നതാണ് മറ്റൊരു മേന്മ.
1946ല്‍ കനേഡിയന്‍ ഡിസൈനറായ ഡി സി സിംപ്‌സാണ് ആദ്യമായി പ്ലാസ്റ്റിക് കസേരകൾക്ക് രൂപം നൽകിയത്. എന്നാല്‍ അന്ന് വലിയ രീതിയില്‍ ഉല്‍പാദനം സാധ്യമല്ലായിരുന്നു. എന്നാല്‍ 1960 ഓടെ തടസ്സങ്ങളെ മറികടന്ന് പ്ലാസറ്റിക് കസേരകള്‍ നിര്‍മിക്കപ്പെട്ടു തുടങ്ങി. ഒരു പ്ലാസ്റ്റിക് ബ്ലോക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ബോഫിംഗർ ചെയര്‍ പാന്റ്റോണ്‍ ചെയര്‍ എന്നിവയെല്ലാം ആക്കാലത്ത് നിര്‍മിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള കസേരകള്‍ പുറത്തിറങ്ങിയത് 1983ലാണ്.
കാലാവസ്ഥയുമായി ഒത്തിണങ്ങുന്ന വിലക്കുറവുള്ള ഈ കസേരകള്‍ അതിവേഗം ലോകത്തിന്റെ പല കോണിലും ഇടം നേടി. ഒന്നോ രണ്ടോ അംഗങ്ങളുള്ള കുടുംബത്തിലും വലിയ ആഘോഷവേളകളിലും ഈ പ്ലാസ്റ്റിക് കസേരകള്‍ ഇടം നേടി. എന്നാല്‍ എവിടെ തിരിഞ്ഞാലും പ്ലാസ്റ്റിക് കസേരകള്‍ എന്ന സാഹചര്യം എത്തിയതിന് പിന്നാലെ ഇതിനെ വെറുക്കുന്ന സാഹചര്യവും വന്നു. സ്വിറ്റ്‌സര്‍ലണ്ടിലെ ഒരു നഗരം അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നുവെന്ന കാരണം കൊണ്ട് പ്ലാസ്റ്റിക് കസേരകള്‍ നിരോധിച്ചിരുന്നു.
പുതുമ നഷ്ടമായതാണ് പ്ലാസ്റ്റിക് കസേരകളില്‍ നിന്നും ആളുകള്‍ അകന്നു തുടങ്ങിയതിന്റെ പ്രധാനപ്പെട്ട കാരണം. പ്ലാസ്റ്റിക് ഒരു വലിയ വിപത്താണെന്ന് കണ്ടെത്തിയതിന് പിന്നാലെ പാരിസ്ഥിതിക ആഘാതം കൂടി കണക്കിലെടുത്ത് അവ പിന്തള്ളപ്പെട്ടു. അധികം സൗകര്യപ്രദമായ ഓപ്ഷ്‌നുകള്‍ ലഭ്യമായി എന്നതും പ്ലാസ്റ്റിക് കസേരകളുടെ പ്രാധാന്യം കുറഞ്ഞതിന് കാരണമായി. അതിനാല്‍ ഇന്ന് പല വീടുകളുടെയും പിനാമ്പുറങ്ങളില്‍ നിറം മങ്ങിയ ഓര്‍മകളായി ഇത് കാണാം.