സൗന്ദര്യവര്‍ദ്ധനയ്ക്കുവേണ്ടിയുള്ള ടിപ്സുകള്‍ പലപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ ഈ ചികിത്സ. മുഖക്കുരു ചികിത്സിക്കാന്‍ വെളുത്തുള്ളി ചതച്ച് മുഖത്തു പുരട്ടുക! പല സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഈ ചികിത്സ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്നതായി അവകാശപ്പെടുന്നു.
ഇത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി പല ഉപയോക്താക്കളും അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രമാത്രം സത്യമുണ്ട്?
ഡോ. അഗ്നി കുമാര്‍ ബോസ് ചൂണ്ടിക്കാണിക്കുന്നത് ‘ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായി മുഖത്ത് വെളുത്തുള്ളി ഉപയോഗിക്കുന്നത് ഗുണകരമാണോ എന്ന കാര്യത്തില്‍ ശാസ്ത്രീയ തെളിവുകള്‍ വളരെ കുറവാണ്. ചില പഠനങ്ങള്‍ അലോപ്പീസിയ ഏരിയറ്റ, കോണ്‍ തുടങ്ങിയ അവസ്ഥകള്‍ക്ക് ഗുണകരമാണെങ്കിലും, മുഖക്കുരു അല്ലെങ്കില്‍ മറ്റ് ചര്‍മ്മ അവസ്ഥകള്‍ക്ക് ഫലപ്രദമാണെന്നുള്ളതിന് തെളിവുകള്‍ അപര്യാപ്തമാണ്.
വെളുത്തുള്ളി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനുള്ള ഫലപ്രദമായ ഒരു പരിഹാരമല്ല. വെളുത്തുള്ളി നേരിട്ട് ചര്‍മ്മത്തില്‍ പുരട്ടുന്നത് പൊള്ളല്‍, അലര്‍ജി എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഏഷ്യന്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. അമിത് ബംഗിയയും ഈ ചികിത്സയുടെ ദൂഷ്യഫലങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. മുഖത്ത് വെളുത്തുള്ളി ഉപയോഗിച്ചതിന്റെ ഫലമായി മുഖത്ത് ചുവപ്പ്, പൊള്ളല്‍, കൂടാതെ ഹൈപ്പര്‍പിഗ്മെന്റേഷന്‍’ എന്നിവയും താന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
വെളുത്തുള്ളിക്ക് പകരം നിങ്ങള്‍ എന്താണ് ഉപയോഗിക്കേണ്ടത്? എല്ലാവരുടെയും ചര്‍മ്മം വ്യത്യസ്തമായതിനാല്‍ വ്യക്തിഗത ഉപദേശത്തിനായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.
ഡോ. ബോസ്, ചര്‍മ്മസംരക്ഷണ ചേരുവകള്‍ ശരിയായ സാന്ദ്രതയില്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറയുന്നു. ഉദാഹരണത്തിന്, ട്രെറ്റിനോയിന്‍ – സാധാരണയായി 0.025% വരെ നേര്‍പ്പിച്ചാണ് ഇത് ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇത് നേര്‍പ്പിക്കാതെ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.
ദീര്‍ഘകാല പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ‘മുഖക്കുരു അല്ലെങ്കില്‍ ഹൈപ്പര്‍പിഗ്മെന്റേഷന്‍ പോലുള്ളവയ്ക്ക് ചികിത്സിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്ന് ഡോ. ബോസ് പറയുന്നു, മറ്റ് ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുമായി വെളുത്തുള്ളി സംയോജിപ്പിക്കുന്നതിനെതിരെയും ഡോക്ടര്‍ മുന്നറിയിപ്പും നല്‍കുന്നു.