മീന്‍ സാധാരണ ഗതിയില്‍ പൊരിച്ചും കറിവെച്ചുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ പച്ച മീന്‍ വീഴുങ്ങുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിചയമുള്ളത് ആസ്തമയ്ക്കു വേണ്ടിയുള്ള മീന്‍ വിഴുങ്ങല്‍ ചികിത്സയാണ്. അവിടെയു അത് രുചിക്കുന്നില്ല. എന്നാല്‍ ജപ്പാനിലെ ഒരു വിശിഷ്ടമായ പാനീയമാണ് പച്ച മീനുകളെ ഇട്ട വെള്ളം. സവിശേഷമായ ഈ പാചക പാരമ്പര്യം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നു.
ഈ പാനീയം കിട്ടണമെങ്കില്‍ ഫുകുവോക്ക പ്രിഫെക്ചറിലേക്ക് പോയാല്‍ മതി. ഇത് വിളമ്പുന്നത് ഒരു വൈന്‍ ഗ്ലാസിലാണ്. ഇതില്‍ നിറയെ കുഞ്ഞു മീനുകളെ കാണാന്‍ സാധിക്കും. അല്‍പ്പം സോസ് കൂടി ചേര്‍ത്ത വെള്ളം, വളരെ ആസ്വദിച്ചാണ് ഇവിടെയുള്ളവര്‍ കഴിക്കുന്നത്.
ജപ്പാനില്‍ ഇത്തരത്തില്‍ ജീവനുള്ള മീനുകളെ കഴിക്കുന്നതിന് ഓഡോറിഗ്വി എന്നാണ് പറയുന്നത്. മരണത്തിലേക്ക് നൃത്തം ചെയ്യുന്ന മീനുകളെ കഴിക്കുമ്പോള്‍ അത്, ‘ഷിറൂവോ നോ ഓഡോറിഗ്വി’യാകുന്നു. ഷിറോവോ എന്ന ചെറിയ സുതാര്യമായ മത്സ്യം കഴിക്കുമ്പോൾ വായിൽ “നൃത്തം” ചെയ്യുന്നതിന്റെ സംവേദനം അനുഭവപ്പെടുന്നു. ഷിറൂവോ(shirouo) ‘യൂകോപ്സാരിയോൺ പീറ്റേഴ്‌സി’എന്ന ഇനത്തിൽപ്പെട്ടതാണ് ഈ മീനുകള്‍.
ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഡോ കാലഘട്ടത്തില്‍ ഈ പ്രദേശത്ത് വലിയൊരു വെള്ളപ്പൊക്കം ഉണ്ടായി. ഇതിന് ശേഷം പട്ടണം വൃത്തിയാക്കിയ കര്‍ഷകര്‍ക്ക് പ്രഭു ഒരു ബാരല്‍ അരി വീഞ്ഞ് സമ്മാനമായി നല്‍കി. കര്‍ഷകര്‍ നദിയില്‍നിന്ന് വെള്ളം കുടിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ചെറിയ മീനുകള്‍ അവര്‍ ശ്രദ്ധിക്കുകയും അവയെ കോരിയെടുത്ത് തിന്നുകയും ചെയ്തു. ഈ മീനുകള്‍ ചത്താല്‍ പെട്ടെന്ന് ചീഞ്ഞ് പോകും. അത് ഒഴിവാക്കാനായി അവര്‍ ഇവയെ പച്ചയോടെ ഫ്രെഷായി വിഴുങ്ങാന്‍ ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും വിലപിടിപ്പുള്ള വിഭവമാണ് ഈ മീനുകള്‍.