Hollywood

അഞ്ചടിയില്‍ കൂടുതല്‍ ഉയരമുള്ളവരെ സിനിമയിലെടുത്തില്ല; ടൈറ്റാനിക്കിന്റെ ബജറ്റ് ചുരുക്കാന്‍ കാമറൂണ്‍ കണ്ടെത്തിയ വഴികള്‍

ലോകസിനിമയില്‍ അനേകം റൊമാന്റിക് ഡ്രാമകളുണ്ട്. എന്നാല്‍ ടൈറ്റാനിക്കിന്റെ സ്‌കെയിലിലോ ബജറ്റിലോ ആ ഗണത്തില്‍പെടുന്ന ഒരു സിനിമയും ഇന്നോളമുണ്ടായിട്ടില്ല. അക്കാലത്ത് അത്രയും ബജറ്റില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ കാല്‍ ഭാഗം ബജറ്റെങ്കിലും തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന് വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരിക്കലും ചിന്തിച്ചിരുന്നു പോലുമില്ല.

സിനിമയുടെ 4 എക്‌സ് റീമാസ്റ്ററിംഗ് ഹോം വീഡിയോ റിലീസിനായി സജ്ജമാകുമ്പോള്‍ അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രമായ ടൈറ്റാനിക്കിന്റെ ചെലവ് നിയന്ത്രിച്ച രീതിയെക്കുറിച്ച് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞു. വലിയ സെറ്റുകളും സീക്വന്‍സുകളും സൃഷ്ടിക്കാന്‍ ആവശ്യമായ സങ്കീര്‍ണ്ണമായ എഞ്ചിനീയറിംഗും വിഭവങ്ങളുമാണ് സിനിമയുടെ നിര്‍മ്മാണ ചെലവ് കുത്തനെ ഉയര്‍ത്തിയത്. എന്നാല്‍ സിനിമയിലെ കാസ്റ്റിംഗ് വരെ സാമ്പത്തീക ചെലവ് കുറയ്ക്കുന്ന രീതിയിലായിരുന്നെന്ന് കാമറൂണ്‍ പറഞ്ഞു.

സെറ്റ് ചെറുതാക്കാന്‍ വേണ്ടി അഞ്ചടി എട്ടിഞ്ചിന് മുകളിലുള്ള ആരെയും തങ്ങള്‍ സിനിമയില്‍ എക്‌സ്ട്രാ നടീനടന്മാരായി കാസ്റ്റ് ചെയ്തില്ല എന്നും പറയുന്നു. അതിലൂടെ പത്തുലക്ഷം ഡോളര്‍ ലാഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു. മൂന്ന് ഡിഗ്രി വരുന്ന ഒന്നിലധികം ആംഗിളുകള്‍ക്ക് പകരം കപ്പലിന്റെ സെറ്റിന്റെ ഒരു ചെരിഞ്ഞ പതിപ്പ് മാത്രം നിര്‍മ്മിച്ചു. എന്നിട്ട് മുങ്ങല്‍ രംഗം അവസാനം ചിത്രീകരിച്ചു. ഇതിലൂടെ ഏഴുലക്ഷം ഡോളറും ലാഭിച്ചതായി സിനിമയുടെ നിര്‍മ്മാതാവ് ജോണ ലാന്‍ഡുവയും പറഞ്ഞു.

1997 ഡിസംബര്‍ 19-ന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ‘ടൈറ്റാനിക്’ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയതിന്റെ റെക്കോഡും നേടി. 2009-ല്‍ ‘അവതാര്‍’ എന്ന ചിത്രത്തിലൂടെ കാമറൂണ്‍ തന്റെ സ്വന്തം റെക്കോര്‍ഡ് മറികടക്കുന്നതുവരെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ ചിത്രമായി മാറി. രണ്ട് ഡിസ്‌ക് ‘ടൈറ്റാനിക്’ 25-ാം വാര്‍ഷിക 4 കെ ബ്ലൂ-റേയും ലിമിറ്റഡ് എഡിഷന്‍ ബോക്സ് സെറ്റും ഇപ്പോള്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.