Sports

‘തോളിൽ കൈയിട്ട് ആർത്തവത്തെക്കുറിച്ച് ചെവിയിൽ ചോദിച്ചു’: മുൻ സെലക്ടറുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് വനിതാ ക്രിക്കറ്റ് താരം

ധാക്ക∙ 2022 ലോകകപ്പിനിടെ ദേശീയ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണം.

ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരത്തിന്റെ വെളിപ്പെടുത്തലുകൾ.

‘‘പല തവണ എന്നോട് അവര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. ടീമിനുള്ളിൽ നിൽക്കുമ്പോൾ ഞങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ കഴിയില്ല. താൽപര്യമുണ്ടെങ്കിൽ പോലും പല കാര്യങ്ങളും പറയാനോ പ്രതിഷേധിക്കാനോ കഴിയില്ല. ആത്യന്തികമായി ക്രിക്കറ്റ് എന്റെ കുടുംബമാണ്. അതുകൊണ്ട് ഇനി ഞാൻ സംസാരിക്കും. ഞാൻ അതിജീവിച്ച് തിരിച്ചെത്തിയതുപോലെ, 10 പെൺകുട്ടികൾ കൂടിയെങ്കിലും സുരക്ഷിതമായി മടങ്ങിവരണം.’’– ജഹനാര ആലം പറഞ്ഞു.

മഞ്ജുറുൾ ഇസ്‌ലാമിന്റെ താൽപര്യങ്ങൾക്കു വഴങ്ങാത്തതു കൊണ്ടാണ് തന്റെ കരിയറിൽ തിരിച്ചടി നേരിട്ടതെന്നും ജഹനാര ആലം പറഞ്ഞു. ‘‘2021ൽ, ബാബു ഭായ് (കോർഡിനേറ്റർ സർഫറാസ് ബാബു) വഴിയാണ് തൗഹിദ് ഭായ് എന്നെ സമീപിച്ചത്. ഞാൻ ഇത് പലയിടത്തും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ എന്നോട് മോശമായി പെരുമാറിയതെന്ന് എനിക്കറിയില്ല.

ഞാൻ ഈ വിഷയത്തില്‍ എന്റെ കത്ത് സിഇഒയ്ക്ക് നൽകിയപ്പോൾ, അതിനെ ‘പരാതി കത്ത്’ എന്നല്ല, ‘നിരീക്ഷണ കത്ത്’ എന്നാണ് ഞാൻ വിളിച്ചത്. നടന്ന സംഭവങ്ങളെക്കുറിച്ച് സിഇഒയ്ക്ക് എഴുതിയ കത്തിൽ എല്ലാ കാര്യങ്ങളും ഞാൻ തുറന്നുപറഞ്ഞു. ‘തൗഹിദ് സാറിനെ വേണ്ട പോലെ കാണാൻ’ ബാബു ഭായ് എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, അദ്ദേഹത്തെ എന്താണ് കാണാനുള്ളത്? അദ്ദേഹം വെറും ഇൻ–ചാർജ് മാത്രമാണ്. അദ്ദേഹത്തെ എന്തിനാണ് ഞാൻ കാണുന്നത്?’ ഒന്നും മനസ്സിലായില്ലെന്ന രീതിയിൽ ഞാൻ ആ കാര്യങ്ങൾ ഒഴിവാക്കി. ഇനി ഏതെങ്കിലും ഒരു പെൺകുട്ടിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ ഇങ്ങനെ ഒഴിവാക്കുന്നതിനാണ് ഇപ്പോൾ ഇതു പറയുന്നത്.’’– ജഹനാര ആലം വെളിപ്പെടുത്തി.

‘‘2022 ലോകകപ്പിനിടെയാണ് മഞ്ജു ഭായിയിൽനിന്ന് വീണ്ടും അപമര്യാദയായ പെരുമാറ്റം ഉണ്ടാകുന്നത്. ലോകകപ്പിനായി ഞാൻ ന്യൂസീലൻഡിലേക്കു പോയി. ഞങ്ങൾക്ക് ഒരു പ്രീ-ക്യാംപ് ഉണ്ടായിരുന്നു. അതിന്റെ അഞ്ചാമത്തേയോ ആറാമത്തെയോ ദിവസം ഞാൻ നെറ്റ്സിൽ പന്തെറിയുകയായിരുന്നു. മഞ്ജു ഭായി എന്റെ തോളിനടുത്തേക്ക് വന്നു. പെൺകുട്ടികളുടെ തോളിൽ കൈയിടുന്നതാണ് പുള്ളിയുടെ ശീലം. അങ്ങനെ അദ്ദേഹം എന്റെ തോളിൽ കൈയിട്ടു, എന്നിട്ട് ചെവിയിൽ വന്നു ചോദിച്ചു, ‘ഇന്ന് ആർത്തവത്തിന്റെ എത്രാം ദിവസമാണ്?’. എനിക്ക് ആർത്തവമാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം ഇക്കാര്യം നേരിട്ടു ചോദിക്കുന്നത്. കാരണം സാധാരണയായി, ഐസിസി മാർഗനിർദേശങ്ങൾ അനുസരിച്ച്, ഞങ്ങൾക്ക് ക്ലാസുകൾ നൽകുന്ന ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ് അല്ലെങ്കിൽ ഡോക്ടറാണ് എല്ലാ താരങ്ങളിൽനിന്നും ആർത്തവ തീയതികൾ ശേഖരിക്കുന്നത്. എല്ലാ രാജ്യാന്തര വനിതാ ടീമുകളും ഇതിനായി ഒരു ആപ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഒരു സെലക്ടർക്ക് ഈ വിവരം എങ്ങനെയാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. ഞാൻ ‘ഭയ്യ, അഞ്ച് ദിവസം’ എന്ന് പറഞ്ഞപ്പോൾ ‘അഞ്ച് ദിവസം? ആർക്കെങ്കിലും ഇത്രയും നീണ്ടുനിൽക്കുമോ, ഒരു ദിവസം നേരത്തെ അവസാനിക്കേണ്ടതായിരുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി. അപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ടു, ‘സോറി, ഭയ്യ, എനിക്ക് മനസ്സിലായില്ല’ എന്നു പറഞ്ഞു– ജഹനാര ആലം പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ മഞ്ജുറുൾ നിഷേധിച്ചു. ജഹനാര പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുഴുൻ കാര്യങ്ങളും കെട്ടിച്ചമച്ചതാണെന്ന് സർഫറാസ് ബാബുവും പറഞ്ഞു. മരിച്ചയാളെ പോലും ഇതിലേക്കു വലിച്ചിഴയ്ക്കുന്നത് നിർഭാഗ്യകരമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം തെളിവുകൾ കൊണ്ടുവരണമെന്നും സർഫറാസ് ബാബു പറഞ്ഞു.