Good News

കുരങ്ങെന്നും മന്ദബുദ്ധിയെന്നും കളിയാക്കി; പാരാലിമ്പിക്സ് മെഡലിലൂടെ മറുപടി നൽകി ദീപ്തി

ഒളിമ്പിക്‌സുകള്‍ എല്ലാക്കാലത്തും അസാധാരണ ഇച്ഛാശക്തിയുള്ള മനുഷ്യരുടേതാണ്. പാരാലിമ്പിക്‌സ് കേവലം വൈകല്യങ്ങളില്‍ ദു:ഖിച്ച് ജീവിതം പാഴാക്കാനില്ലെന്ന് ദൃഡനിശ്ചയം എടുത്തവരുടേയും അവരുടെ ജീവിതവിജയങ്ങളുടേതുമാണ്്. ഇന്ത്യയുടെ പാരാലിമ്പിക്‌സ് അത്‌ലറ്റ് ദീപ്തി ജീവന്‍ജിയുടെ ജീവിതവും അത്ര സാധാരണമല്ലാത്ത പ്രചോദനാത്മകമായ കഥകളില്‍ ഉള്‍പ്പെട്ടതാണ്.

വെല്ലുവിളികള്‍ നിറഞ്ഞ ജീവിതയാത്രയില്‍ ഒരിക്കലും തളരാതെ പതറാതെ മുന്നേറിയ ദീപ്തി പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024 ലെ വനിതകളുടെ 400 മീറ്റര്‍ ടി20 ഫൈനലില്‍ ചൊവ്വാഴ്ച വെങ്കലം നേടിയാണ് തന്നെ പണ്ട് പരിഹസിച്ചവര്‍ക്ക് മറുപടി പറഞ്ഞത്. 55.82 സെക്കന്‍ഡിലാണ് പാരാ അത്ലറ്റ് ഓട്ടം പൂര്‍ത്തിയാക്കിയ ദീപ്തി ജീവന്‍ജിയിലൂടെ ഇന്ത്യ കുറിച്ചത് 16-ാം മെഡലായിരുന്നു. നേരത്തെ ജപ്പാനിലെ കോബെയില്‍ നടന്ന ലോക അത്ലറ്റിക്സ് പാരാ ചാമ്പ്യന്‍ഷിപ്പില്‍ ദീപ്തി ജീവന്‍ജി ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയിരുന്നു.

ആന്ധ്രാപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ കല്ലേഡ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ദീപ്തി. അവരുടെ മാതാപിതാക്കളായ ജീവന്‍ജി യാധഗിരിയും ജീവന്‍ജി ധനലക്ഷ്മിയും ഏറെ കഷ്ടപ്പാടുകള്‍ക്ക് പുറമേ ക്രൂരമായ മാനസീക പീഡനത്തിനും ഇടയിലൂടെയാണ് മകളെ വളര്‍ത്തിക്കൊണ്ടുവന്നത്. ദീപ്തിക്ക് ബുദ്ധിപരമായ വൈകല്യത്തിന് പുറമേ ആശയവിനിമയത്തിനും തടസ്സം വരുന്ന ഒരു വൈകല്യമായിരുന്നു.

”സൂര്യഗ്രഹണ സമയത്താണ് അവള്‍ ജനിച്ചത്. ജനനസമയത്ത് അവളുടെ തല വളരെ ചെറുതായിരുന്നു. ഒപ്പം ചുണ്ടുകളും മൂക്കും അല്‍പ്പം അസാധാരണമായിരുന്നു. അവളെ കാണുന്ന ഓരോ ഗ്രാമവാസിയും ഞങ്ങളുടെ ചില ബന്ധുക്കളും ദീപ്തിയെ മാനസീകരോഗിയെന്നും കുരങ്ങ് എന്നും വിളിച്ചിരുന്നു. അവളെ കൊണ്ടു കളയാനും അനാഥാലയത്തിലേക്ക് അയക്കാനുമൊക്കെ പറഞ്ഞവരുണ്ടെന്ന് ദീപ്തിയുടെ മാതാവ് ഓര്‍ക്കുന്നു. ഇന്ന്, അവള്‍ ഒരു വിദൂര രാജ്യത്ത് ലോക ചാമ്പ്യനാകുന്നത് അവള്‍ തീര്‍ച്ചയായും ഒരു പ്രത്യേക പെണ്‍കുട്ടിയാണെന്ന് തെളിയിച്ചു.

”എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കൃഷിയിടം വില്‍ക്കേണ്ടി വന്നു, എന്റെ ഭര്‍ത്താവിന് ദിവസം 100 അല്ലെങ്കില്‍ 150 രൂപ സമ്പാദിക്കുമായിരുന്നു, അതിനാല്‍ ദീപ്തിയുടെ അനുജത്തി അമൂല്യ ഉള്‍പ്പെടെ ഞങ്ങളുടെ കുടുംബം പോറ്റാന്‍ എനിക്ക് കൂടി ജോലി ചെയ്യേണ്ട ദിവസങ്ങളുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും ശാന്തമായ കുട്ടിയായിരുന്നു ദീപ്തി. ഗ്രാമത്തിലെ കുട്ടികള്‍ അവളെ കളിയാക്കുമ്പോള്‍, അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തും. അപ്പോള്‍ അവള്‍ക്ക് മധുരമുള്ള ചോറ് ഉണ്ടാക്കിക്കൊടുക്കും. അല്ലെങ്കില്‍ ചില ദിവസങ്ങളില്‍ ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും. അത് അവളെ ഏറെ സന്തോഷിപ്പിച്ചു.” മകളുടെ വലിയ നേട്ടത്തില്‍ ജീവന്‍ജിയുടെ അച്ഛന്‍ യാദഗിരി വികാരാധീനനായി.