Crime

നടന്മാർ റഡാറിൽ; കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, ‘സര്‍’ എന്നു പറഞ്ഞ്‌ പാതിവഴിയില്‍ പത്രസമ്മേളനം നിര്‍ത്തി

യുവ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട ആഡംബര വാഹന ഇറക്കുമതി സംബന്ധിച്ച്‌ കസ്‌റ്റംസ്‌ കമ്മിഷണര്‍ ഡോ.ടി. ടിജു നടത്തിയ പത്രസമ്മേളനം പെട്ടെന്ന്‌ അവസാനിപ്പിച്ചതു കമ്മിഷണറുടെ ഫോണിലേക്കു വന്ന ഒരു കോളിനു പിന്നാലെ. ഫോണില്‍ ‘സര്‍’ എന്നു സംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം തിടുക്കത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങളും അതിന്മേലുള്ള അനന്തര നടപടികളും സംബന്ധിച്ചു സൂക്ഷ്‌മവിവരങ്ങള്‍ കമ്മിഷണര്‍ മാധ്യമങ്ങളുമായി പങ്കുവച്ചതോടെയാണ്‌ വിളിയെത്തിയത്‌. ഒന്നിലേറെ തവണ കമ്മിഷണറുടെ ഫോണിലേക്കു വിളിയെത്തി. ഇന്‍കംടാക്‌സും എന്‍ഫോഴ്‌സ്‌മെന്റും ജി.എസ്‌.ടി. വകുപ്പും ഉള്‍പ്പെടെ ഇതര വകുപ്പുകള്‍ കൂടി ചേര്‍ന്നു സംയുക്‌തമായി നടത്തേണ്ടതാണ്‌ അന്വേഷണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയാണു കമ്മിഷണര്‍ വിശദീകരണം നല്‍കിയത്‌.

ഓപ്പറേഷന്‍ നുംഖോറിലൂടെ കേരളത്തില്‍നിന്ന്‌ 36 വാഹനങ്ങള്‍ പിടിച്ചെടുത്തെന്നു കസ്‌റ്റംസ്‌ അധികൃതര്‍ വെളിപ്പെടുത്തി. ഭൂട്ടാനില്‍നിന്ന്‌ കാറുകള്‍ കടത്തുന്ന സംഘത്തെയും കണ്ടെത്തി. ഭൂട്ടാനില്‍നിന്ന്‌ കടത്തിയതില്‍ ഇരുന്നൂറോളം കാറുകള്‍ കേരളത്തിലുണ്ട്‌. വ്യാജരേഖ ചമച്ചാണു വണ്ടി എത്തിച്ചത്‌. വാഹനങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സോ ഫിറ്റ്‌നസോ ഇല്ല. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങളാണു കടത്തുന്നതെന്നും ഇതിനു പിന്നില്‍ വന്‍ റാക്കറ്റെന്നും കസ്‌റ്റംസ്‌ കമ്മിഷണര്‍ ടി. ടിജു പറഞ്ഞു.

കോടികളുടെ നികുതി വെട്ടിപ്പാണു നടന്നിട്ടുള്ളത്‌. സെക്കന്‍ഡ്‌ ഹാന്‍ഡ്‌ കാര്‍ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതിയില്ല. ഭൂട്ടാനിലേക്കു വാഹനങ്ങള്‍ എത്തിച്ചു ഇന്ത്യയിലേക്ക്‌ കടത്തുക ആയിരുന്നു രീതി. ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഭൂട്ടാനില്‍ ബിസിനസിനായി കൊണ്ടുവന്നു. വ്യാജ രേഖകളുണ്ടാക്കിയാണു വണ്ടികള്‍ എത്തിച്ചത്‌. ഇന്ത്യന്‍ ആര്‍മിയുടെ പേര്‌ ദുരുപയോഗം ചെയ്‌തു. രേഖകള്‍ക്കായി പരിവാഹന്‍ വെബ്‌സൈറ്റില്‍ പോലും കൃത്രിമം കാണിച്ചുവെന്നും കസ്‌റ്റംസ്‌ കമ്മിഷണര്‍ പറഞ്ഞു.