Oddly News

ബസില്‍ അപ്രതീക്ഷിത യാത്രക്കാരന്‍! കണ്ടക്ടറും ഡ്രൈവറും ജനലിലൂടെ വെളിയില്‍ചാടി ഓടി…!

ജയ്പൂരില്‍ കാള ബസിനുള്ളില്‍ കയറി ജനല്‍ ചില്ലുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവറെയും കണ്ടക്ടറെയും വാഹനത്തില്‍ നിന്ന് ചാടി ജീവനുംകൊണ്ട് ഓടി. സംഭവത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തിങ്കളാഴ്ച രാത്രി നടന്ന അസാധാരണ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ബസിന് കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

നഗരത്തിലെ ടോഡി മോഡ് ക്രോസിന് സമീപം രാത്രി 8.30 ഓടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കാഴ്ചക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ബസിനുള്ളില്‍ കാള നില്‍ക്കുന്നത് കാണാനാകും. മൃഗം അതിന്റെ തലകൊണ്ട് ഒരു ജനല്‍ തകര്‍ത്തു. തുടര്‍ന്ന് അത് ബസിന്റെ മുന്‍ഭാഗത്തേക്ക് നടക്കുന്നത് കാണാം.

പരിഭ്രാന്തനായ ഡ്രൈവര്‍ തന്റെ ക്യാബിനിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും കണ്ടക്ടറും വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇതിനിടയില്‍ കാള മറ്റൊരു ജനല്‍ തകര്‍ത്തു. മറ്റൊരു ഷോട്ടില്‍, ബസിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കാളയെ പുറത്ത് കാണുന്നു. കാള ശല്യം തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ ബസില്‍ നിന്ന് മൃഗത്തെ പുറത്തെടുക്കാന്‍ ആരും ശ്രമിച്ചില്ല.