അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറാനിരിക്കെ യുഎസ് വിടുന്നവരുടെ പട്ടികയിലേക്ക് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സും. താന്‍ മെക്‌സിക്കോയിലേക്ക് കുടിയേറുകയാണെന്നാണ് ഗായിക വ്യക്തമാക്കിയിരിക്കുന്നത്. പാപ്പരാസികളുടെ ക്രൂര വിനോദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് തന്റെ പലായനമെന്നും താരം പറയുന്നു. ഇന്‍സ്റ്റാഗ്രാം വീഡിയോ വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
‘‘എന്റെ മുഖത്തെ വെളുത്ത ജേസണ്‍ മാസ്‌ക് പോലെയാണ് പാപ്പരാസികള്‍. അവര്‍ എന്റെ വികാരങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാന്‍ ഒരു തരത്തിലും പൂര്‍ണ്ണതയുള്ളവളല്ല എന്നെനിക്കറിയാം. എന്നാല്‍ മാധ്യമങ്ങള്‍ എപ്പോഴും എന്നോട് ക്രൂരത കാണിച്ചിട്ടുണ്ട്.’’ സ്പിയേഴ്‌സ് പറഞ്ഞു.
‘‘അവര്‍ എന്നെ ചിത്രീകരിച്ച രീതികളില്‍ ചിലതെല്ലാം അങ്ങേയറ്റം നീചവും ക്രൂരവുമായിരുന്നു. മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും തന്നോട് ക്രൂരതകാട്ടുന്നത് കൊണ്ടാണ് ഞാന്‍ മെക്‌സിക്കോയിലേക്ക് മാറുന്നതെന്നും ഗായിക വ്യക്തമാക്കി.
അതേസമയം, യുഎസില്‍ നിന്ന് മാറിയ ആദ്യത്തെ വ്യക്തി സ്പിയേഴ്‌സ് മാത്രമല്ല. നവംബറില്‍, നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവാ ലോംഗോറിയ, താനും ഭര്‍ത്താവ് ജോസ് ബാസ്റ്റണും അവരുടെ ആറുവയസ്സുള്ള മകന്‍ സാന്റിയാഗോയും യു.എസില്‍നിന്ന് മെക്സിക്കോയിലേയ്ക്ക് താമസം മാറ്റുന്നുവെന്ന വാര്‍ത്ത ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ലോസ് ഏഞ്ചല്‍സില്‍ ഇനി ജീവിക്കാന്‍ ആഗ്രഹിക്കാത്ത അവസ്ഥയിലേക്ക് മാറിയെന്ന് നടി പറഞ്ഞു.