Movie News

വിനീത് ശ്രീനിവാസന്റെ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ബോംബെ ജയശ്രീയുടെ മകന്‍

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നില നിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം ‘. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത് വിനീത് ആരാധകരുമായി പങ്കുവെച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെ സിനിമകളിലെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് അതിലെ പാട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിര്‍വ്വഹിയ്ക്കുന്നത് ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ്. മസ്തിഷ്‌ക രക്തസ്രാവത്തെത്തുടര്‍ന്നു അമ്മ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ചിത്രത്തിന് വേണ്ടി രാംനാഥ് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ഇതേക്കുറിച്ച് വികാനിര്‍ഭരമായ കുറിപ്പ് പങ്കുവെയ്ക്കുകയാണ് വിനീത് ശ്രീനിവാസന്‍.

‘രണ്ടര വര്‍ഷത്തിനുശേഷം തിങ്ക് മ്യൂസിക്കിനൊപ്പം ഒരു ലിസണിങ് സെഷനില്‍ പങ്കെടുത്തു. കഴിഞ്ഞതവണത്തേതു പോലെ എല്ലാ ലൈറ്റുകളും അണച്ച ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം കേട്ടു. ഇത് പൂര്‍ത്തിയാക്കിയ ശേഷം ലൈറ്റുകള്‍ വീണ്ടും ഇട്ടപ്പോള്‍ തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റെയും മഹേഷിന്റെയും മുഖത്ത് ഒരു വിടര്‍ന്ന ചിരിയുണ്ടായിരുന്നു. അവര്‍ അമൃതിനെ ആലിംഗനം ചെയ്ത ശേഷം ഇങ്ങനെ പറഞ്ഞു. ഈ കുടുംബത്തിലേക്കു സ്വാഗതം.കഴിഞ്ഞ കുറച്ചുമാസങ്ങളായി അമൃത് കടന്നുപോയ കഷ്ടപ്പാടുകള്‍ ഞാന്‍ കണ്ടിരുന്നു. നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയശ്രീ മാം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ അവരെ പരിചരിക്കുന്നതിനിടയില്‍, ആശുപത്രിമുറിയില്‍ വച്ചാണ് അമൃത് ആദ്യത്തെ മൂന്ന് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയത്. ആശുപത്രി മുറിയില്‍ മിനി സ്റ്റുഡിയോ സജ്ജീകരിച്ച് മനസ്സില്‍ വരുന്ന ഈണങ്ങള്‍ അമ്മയ്ക്കു പാടിക്കൊടുക്കും. എന്നിട്ട് എനിക്ക് അയച്ചുതരും.

അമൃത് അയച്ചുതന്ന രണ്ടാമത്തെ ഈണത്തിനനുസരിച്ച് ജയശ്രീ മാഡം വരികളെഴുതിയാല്‍ നന്നാവുമെന്ന ഒരാഗ്രഹം അമൃതിനോട് ഫോണില്‍ പറഞ്ഞു. അതനുസരിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും പാട്ടിന്റെ ആദ്യവാക്ക് എന്തായിരിക്കണമെന്ന ധാരണയിലെത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം പാട്ടിന്റെ ആദ്യനാലുവരി അമൃത് അയച്ചു തന്നു. അതുകണ്ട് രോമാഞ്ചം വന്നു. ബോംബെ ജയശ്രീ മാം എന്ന ഇതിഹാസത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.അമൃതിന് കാര്യങ്ങള്‍ അല്‍പം എളുപ്പമാകുന്നതുവരെ ജോലി കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കണോ എന്നു ഞാന്‍ പലതവണ അമൃതിനോട് ചോദിച്ചിരുന്നു. പക്ഷേ അവന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു.

വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നല്‍കുന്നത് ഞാന്‍ സ്വയം മുറിവുണക്കുന്നതു പോലെയാണ്. ഈ 25 വയസ്സുകാരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തിനു വേണ്ടി ചെയ്ത സംഗീതം ലോകം കേള്‍ക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല’, – വിനീത് ശ്രീനിവാസന്‍ കുറിച്ചു.വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.