Oddly News

വിരൂപജീവി, ആയുസ്സ് 130 വര്‍ഷം, ഒരുസമയം ഒരു ലക്ഷത്തോളം മുട്ടകളിടും; ഫിഷ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബ്ലോബ് ഫിഷിന്

ലോകത്തിലെ തന്നെ വിരൂപമായ ജീവികളിലൊന്നായ ബ്ലോബ് ഫിഷിന് ഫിഷ് ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ന്യൂസിലന്‍ഡ് പരിസ്ഥിതി സംഘടന. രാജ്യത്തില്‍ വ്യത്യസ്തമായ സമുദ്ര , ശുദ്ധജല, ജീവജാലങ്ങളെപറ്റി അവബോധം സൃഷ്ടിക്കുന്നതിനായി മൗണ്ടര്‍ ടു സീ കണ്‍സര്‍വേഷന്‍ ട്രസ്റ്റാണ് ഇത്തരത്തില്‍ ഒരു വാര്‍ഷിക മത്സരം നടത്തിയത്. 5500 പേരില്‍ 1300 പേര്‍ ബ്ലോബ്ഫിഷിന് വോട്ട് ചെയ്തു.

ബ്ലോബ് ഫിഷ് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും ന്യൂസിലന്‍ഡിലും കാണപ്പെടുന്ന ഫിഷാണ്. ഇതിന്റെ രൂപമാണ് ഇതിനെ വ്യത്യസ്തനാക്കുന്നത്. ബള്‍ബ് പോലെ തലയും ജെല്ലിഫിഷിന്റെ ശരീരവുമാണ് ഇതിനുള്ളത്. പേശികളോ ചെതുമ്പലുകളോയില്ലാതെ ഇത് 12 ഇഞ്ച് വരെ വളരും.

ഈ മത്സ്യത്തിന് ശരാശരി 130 വര്‍ഷമാണ് ആയുസ്സ് . സാവധാനത്തില്‍ ചലിക്കുന്ന ഇവ മറ്റ് ജലജീവികളെപ്പോലെ ഇരതേടി പോകാറില്ല. ഇരകള്‍ സമീപത്തിലെത്തുന്നതുവരെ ക്ഷമയായി കാത്തിരിക്കാം. 600 മുതല്‍ 1200 മീറ്റര്‍ വരെ ആഴത്തിലാണ് ഇവയുടെ വാസം. പെണ്‍ ബ്ലോബ് ഫിഷുകള്‍ ഒരേ സമയം ഒരു ലക്ഷത്തോളം മുട്ടയിടാനായി ശേഷിയുള്ളവയാണ്.