Movie News

45 കോടി ബജറ്റിലുണ്ടായ സിനിമയ്ക്ക് കിട്ടിയത് വെറും 60,000; ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രം

ഒരുപക്ഷേ ലോകസിനിമയില്‍ ഹോളിവുഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കപ്പെടുന്നത് ഇന്ത്യന്‍ സിനിമയിലാണെന്നാണ് ചില വിലയിരുത്തലുകള്‍. വന്‍ താരങ്ങള്‍ വമ്പന്‍ ബജറ്റുമൊക്കെയായി പണ്ടുമുതല്‍ കോടികള്‍ ചെലവഴിക്കപ്പെടുന്നു.

സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യം പണം തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ഉറപ്പ് വാഗ്ദാനവും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ 45 കോടി ചെലവിട്ടു നിര്‍മ്മിച്ച ഒരു സിനിമയ്ക്ക് ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ കഴിഞ്ഞത് വെറും 60,000 രൂപയാണ്. ഈ സിനിമ ഇന്ത്യയിലെ ഏറ്റവും വലിയ പരാജയചിത്രമായി വിലയിരുത്തപ്പെടുന്നു.

അജയ് ബഹലിന്റെ 2023-ല്‍ പുറത്തിറങ്ങിയ ‘ദ ലേഡി കില്ലറാ’ ണ് ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ബോംബ് ദുരന്തമായി കണക്കാക്കപ്പെുന്ന സിനിമകളിലൊന്ന്. അര്‍ജുന്‍ കപൂറും ഭൂമി പെഡ്നേക്കറും അഭിനയിച്ച ചിത്രം ഒരു ക്രൈം ത്രില്ലറായിരുന്നു. തന്റെ ടി-സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം 2022-ല്‍ നിര്‍മ്മാണം ആരംഭിച്ചു. 2023-ലെ നിരവധി റീ-ഷൂട്ടുകള്‍ കാരണം ചിത്രം ബജറ്റ് കവിഞ്ഞും മുമ്പോട്ട് പോയി. അവസാനം 45 കോടി രൂപയ്ക്ക്് സിനിമ പൂര്‍ത്തിയായി.

എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ തീയേറ്ററില്‍ പടം കാണാന്‍ ആരുമെത്തിയില്ല. ആദ്യ ദിനത്തില്‍ ഇന്ത്യയിലുടനീളം വിറ്റത് സിനിമയുടെ വെറും 293 ടിക്കറ്റുകളായിരുന്നു. സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ പോലും ഒരുലക്ഷത്തില്‍ താഴെയുമായി. ക്ലൈമാക്‌സ് പൂര്‍ണ്ണമായി ചിത്രീകരിച്ചിട്ടില്ലാത്തതിനാല്‍ ലേഡി കില്ലര്‍ അപൂര്‍ണ്ണമായാണ് റിലീസ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സംവിധായകന്‍ അജയ് ബഹല്‍ ആദ്യം ഒരു അഭിമുഖത്തില്‍ ഈ അവകാശവാദത്തെ പിന്തുണയ്ക്കുകയും ചെയ്തു.

സിനിമയ്ക്ക് ഇന്ത്യയിലെ ചുരുക്കം ചില തിയേറ്ററുകളില്‍ ടോക്കണ്‍ റിലീസ് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതും അതിന്റെ ഒരു വസ്തുതയായിരുന്നു. ട്രേഡ് ഇന്‍സൈഡര്‍മാരുടെ അഭിപ്രായത്തില്‍, ഡിസംബറില്‍ അതിന്റെ സ്ട്രീമിംഗ് റിലീസിനായി നിര്‍മ്മാതാക്കള്‍ OTT ഭീമന്‍ നെറ്റ്ഫ്‌ലിക്‌സുമായി കരാര്‍ ഒപ്പിട്ടതാണ് കാരണം. അതുകൊണ്ടു തന്നെ നവംബര്‍ ആദ്യവാരം സിനിമയ്ക്ക് തീയേറ്ററില്‍ റിലീസ് ആവശ്യമായിരുന്നു, അത് പരാജയപ്പെട്ടാല്‍ സ്ട്രീമിംഗ് ഡീല്‍ അസാധുവാകും.

അതുകൊണ്ട് സിനിമയ്ക്ക് ഒരു ടോക്കണ്‍ റിലീസ് ആവശ്യമായി വന്നു. പൂര്‍ണ്ണമായും ഒടിടി റിലീസ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് നിര്‍മ്മാതാക്കള്‍ക്ക് തോന്നിയതിനാല്‍ ‘അപൂര്‍ണ്ണമായ’ ചിത്രം യാതൊരു പബ്ലിസിറ്റിയും കൂടാതെ റിലീസ് ചെയ്യേണ്ടി വന്നത്രേ..