തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ മകള്‍ സിതാര ഗട്ടമാനേനിയും താരത്തെ പോലെ തന്നെ ജനപ്രീതി നേടിയ താരമാണ്. ചെറുപ്രായത്തില്‍ തന്നെ സിതാരയ്ക്ക് സിനിമ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുമുണ്ട്. മാത്രമല്ല, ഒരു ജനപ്രിയ ജ്വല്ലറി ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സിതാര. ന്യൂയോര്‍ക്കിലെ ഐക്കണിക് ടൈംസ് സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ സിതാരയുടെ ആദ്യ ഫോട്ടോഷൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഇത്രയും ചെറുപ്പത്തില്‍ മറ്റേതു താരത്തേക്കാളും വലിയ നേട്ടമാണ് സിതാര കൈവരിച്ചിരിയ്ക്കുന്നത്.
സിതാര ഒരു പ്രോജക്റ്റിനായി ഈടാക്കുന്ന തുക ആരെയും ഞെട്ടിപ്പിയ്ക്കുന്നതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിന് സിതാര ഈടാക്കുന്നത് ഒരു കോടി രൂപയാണ്. ചൈല്‍ഡ് മോഡലുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സിതാര. എന്നാല്‍ തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സിതാര സംഭാവന ചെയ്യുകയായിരുന്നു. സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമായിരുന്നു സിതാരയുടേത്. തെലുങ്ക് സിനിമയില്‍ ഈ തീരുമാനത്തിലൂടെ വലിയ താരമായി മാറുകയായിരുന്നു സിതാര. പിഎംജെ ജുവല്‍സിന്റെ പരസ്യ ചിത്രത്തിലാണ് സിതാര ആദ്യമായി അഭിനയിച്ചത്. ഈ പരസ്യ ചിത്രത്തിനായി സിതാരയ്ക്ക് ലഭിച്ചതാണ് ഒരു കോടി രൂപ പ്രതിഫലം.
നേരത്തെ മഹേഷ് ബാബുവിനൊപ്പം ഒരു മ്യൂസിക് വീഡിയോയിലും സിതാര അഭിനയിച്ചിരുന്നു. ഡിസ്‌നിയുടെ ഫ്രോസണ്‍ രണ്ടിലെ ബേബി എല്‍സ ക്യാരക്ടറിന് തെലുങ്കില്‍ ശബ്ദം നല്‍കിയതും സിതാരയാണ്. മഹേഷിന്റെ ഭാര്യ നമ്രത ശിരോദ്കറും അഭിനേത്രിയായിരുന്നു. മമ്മൂട്ടിയുടെ നായികയായി എഴുപുന്നതരകനില്‍ എത്തിയത് നമ്രത ആയിരുന്നു.