സന്തോഷത്തോടെ എങ്ങിനെ ജീവിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഇന്ത്യയുടെ അയല്‍ക്കാരായ ഭൂട്ടാന്‍ അതിന്റെ അളവ് കൂട്ടാനുള്ള ആലോചനയിലാണ്. സന്തോഷം, ക്ഷേമം, മനസ്സ്, ധ്യാനം എന്നിവയെ കേന്ദ്രീകരിച്ച് ഒരു ‘മൈന്‍ഡ്ഫുള്‍നസ് സിറ്റി’ നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് അവര്‍. ‘ജിഗ്മേ ഖേസര്‍ നാംഗ്യാല്‍ വാങ്ചക്ക്’ രാജാവാണ് ഈ ആശയം അവതരിപ്പിച്ചത്.
തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങളില്‍ രാജ്യം പോരാടുന്നതിനാലും വിദേശ സഹായത്തെ കൂടുതലായി ആശ്രയിക്കുന്നതിനാലും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താന്‍ പുല്‍മേടുകളെ ആശ്രയിക്കാനാണ് പദ്ധതി. ‘ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റി’ (ജിഎംസി) എന്ന് പേരിട്ടിരിക്കുന്ന നഗരം, മലിനീകരണം കുറയ്ക്കുന്നതിനും നടത്തത്തിനും സൈക്ലിംഗിനും ഊന്നല്‍ നല്‍കും. ആളുകള്‍ക്ക് ധ്യാനം പരിശീലിക്കാനും പ്രകൃതിയുടെ നടുവില്‍ വിശ്രമിക്കാനും കഴിയുന്ന ഹരിത ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
മനസ്സിന് ആഹ്ളാദം നല്‍കുന്ന മാതൃകയില്‍ നല്‍കുന്ന സ്‌കൂളുകളും സര്‍വ്വകലാശാലകളും, ഹെല്‍ത്ത് കെയര്‍, വെല്‍നസ് സെന്ററുകള്‍ എന്നിവയൊക്കെയാണ് ഈ നഗരത്തിന്റെ ഹൈലൈറ്റ്. ഇവിടം ഒരു പ്രത്യേക ഭരണ മേഖലയായിരിക്കും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ട് അതിന്റേതായ നിയമങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയുടെ അതിര്‍ത്തിയില്‍ 2,500 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് ഇത് നിര്‍മിക്കുക. വിവിധ ബിസിനസുകള്‍ക്ക് ഇവിടെ സ്ഥലം വാഗ്ദാനം ചെയ്യും. ദക്ഷിണേഷ്യയെ തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയായി പ്രവര്‍ത്തിക്കും. ഭൂട്ടാന്റെ ബുദ്ധമത പൈതൃകവും സംസ്‌കാരവും നഗരത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.
റോഡുകള്‍, പാലങ്ങള്‍, വിമാനത്താവളം, വീടുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സ്വകാര്യ പങ്കാളികളുടെ നിക്ഷേപത്തില്‍ നിര്‍മിക്കും. മുഴുവന്‍ നഗരവും പൂര്‍ത്തിയാക്കാന്‍ 21 വര്‍ഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തെ 7-10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 150,000 ആളുകള്‍ താമസിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു, എല്ലാ ജോലികളും പൂര്‍ത്തിയാക്കിയ ശേഷം പത്തുലക്ഷത്തിലധികം ആളുകള്‍. ജിഎംസി ‘നേഷന്‍ ബില്‍ഡിംഗ് ബോണ്ട്’ നോണ്‍ റെസിഡന്റ് ഭൂട്ടാനീസ് സബ്‌സ്‌ക്രിപ്ഷനായി തിങ്കളാഴ്ച തുറന്നു, ഡിസംബര്‍ 17 വരെ ലഭ്യമാകും.
