Lifestyle

സ്വീഡനില്‍ മൂന്നിരട്ടി ശമ്പളമുള്ള ജോലി ; പോകണോയെന്ന് സംശയിച്ച് ബാംഗ്‌ളൂരിലെ എഞ്ചിനീയര്‍

കൂടുതല്‍ സമ്പാദിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിദേശത്തേക്ക് പോകാനും അവിടുത്തെ ജീവിതം സ്വപ്‌നം കാണുന്നവര്‍ ഇന്ത്യയില്‍ ഏറെയാണ്. ജോലിയും ഇന്ത്യയില്‍ കിട്ടുന്നതിന്റെ മൂന്നിരിട്ടി ശമ്പളവും സ്വീഡനില്‍നിന്ന് വാഗ്ദാനം ലഭിച്ച ഒരു എഞ്ചിനീയറുടെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. എഞ്ചിനീയറുടെ ആശയക്കുഴപ്പവും അതിന് നെറ്റിസണ്‍മാര്‍ നല്‍കുന്ന മറുപടിയുമാണ് പോസ്റ്റ് വൈറലാകാന്‍ കാരണം.

അറ്റ് സ്ട്രിക്ട് താങ്ക്‌സ് 4656 എന്ന പേരിലുള്ള ഹാന്‍ഡിലില്‍ വന്ന പോസ്റ്റില്‍ സ്വീഡനില്‍ നിന്ന് തന്റെ നിലവിലെ വരുമാനത്തിന്റെ മൂന്നിരട്ടി ശമ്പളത്തോടെ ജോലിവാഗ്ദാനം ചെയ്യപ്പെട്ട എഞ്ചിനീയറാണ് ആശയക്കുഴപ്പത്തിലായത്. വിവാഹിതനായ ബംഗലുരുവില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഇപ്പോഴത്തെ പ്രതിമാസ ശമ്പളം 1,30,000 രൂപയാണ്. വാടകയ്ക്കും വീട്ടിലേക്ക് മാതാപിതാക്കളുടെ ചെലവിനായും അയച്ചതിന്റെ ബാക്കിയായി മാസം 50,000-60,000 രൂപ മിച്ചമുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇഎംഐയ്ക്കും പോകുന്നു.

ഈ ജോലിയിലും ശമ്പളത്തിലും തൃപ്തനാണെങ്കിലും സ്വീഡനിലെ ഹെല്‍സിംഗ്‌ബോര്‍ഗില്‍ നിന്ന് പ്രതിമാസം ഏകദേശം 3.9 ലക്ഷം രൂപ (സ്വീഡിഷ് ക്രോണ്‍ 50,000 ) വാഗ്ദാനം ചെയ്തത് ഒരു പുനര്‍വിചിന്തനത്തിന് തന്നെ പ്രേരിപ്പിച്ചതായി ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കടബാധ്യതയില്‍ നിന്ന് കരകയറി
പുതിയ നിക്ഷേപം നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ നീക്കത്തിനുള്ള പ്രചോദനം. എന്നിരുന്നാലും, ആശ്രിതരായ മാതാപിതാക്കളും ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ഭാര്യയും ഉള്ളതിനാല്‍, തീരുമാനം എടുക്കാനാകാതെ കുഴങ്ങുകയാണ്.

എന്തായാലും പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും മറുപടികള്‍ വരികയും ചെയ്തു. സ്വീഡന്‍ ഉയര്‍ന്ന വരുമാനം നേടാനുള്ള സ്ഥലമല്ലെന്നായിരുന്നു ആദ്യ ഉപദേശം. അവിവാഹിതനായിരിക്കുകയും മിതവ്യയത്തോടെ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് പക്ഷേ സമ്പാദ്യമുണ്ടാക്കാം. പിന്നെ വിശ്രമത്തിനും അന്തര്‍ദ്ദേശീയ തൊഴില്‍ പരിചയത്തിനും ഇത് മികച്ച സ്ഥലമാണെന്നും പറയുന്നു. സ്വീഡനിലെ താമസത്തെക്കുറിച്ച് ആയിരുന്നു ചിലര്‍ നല്‍കിയ മുന്നറിയിപ്പ്. ‘സ്വീഡനിലെ റസിഡന്റ് ടാക്സ് വളരെ കൂടുതലാണ്, നിങ്ങള്‍ പ്രതിവര്‍ഷം 50,000 ഡോളറില്‍ കൂടുതല്‍ സമ്പാദിക്കുകയാണെങ്കില്‍ ഏകദേശം 50% ആയിരിക്കും അത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ശുദ്ധവായുവും ഉയര്‍ന്ന ജീവിത നിലവാരവും ആസ്വദിക്കാന്‍ കഴിയുന്ന ഒരു മികച്ച സ്ഥലമാണിതെന്നാണ് അവര്‍ പറയുന്നത്.

അതേസമയം അവസരം ഉപയോഗിക്കണം എന്ന് തന്നെയാണ് മിക്കവരും ഉപദേശിച്ചത്. മികച്ച ലോകാനുഭവങ്ങളും ജീവിതാനുഭവങ്ങളും നേടുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താന്‍ അവരില്‍ പലരും പറയുന്നു. അവസരം ഉപയോഗിക്കാതിരുന്നാല്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്നും ഇനി ഇഷ്ടപ്പെട്ടില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാനുള്ള ഓപ്ഷനുകളും ഉണ്ടല്ലോയെന്നും അവര്‍ പറയുന്നു.