Health

ദിവസവും രാവിലെ തുളസിയില കഴിച്ചു നോക്കൂ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും; ഇത്രയും ഗുണങ്ങളോ ?

മിക്ക വീടുകളിലും തുളസിച്ചെടി ഉണ്ടാകും. ചുമ, ജലദോഷം, പനി, അണുബാധകള്‍ ഇവയെ പ്രതിരോധിക്കാന്‍ മാത്രമല്ല, വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും. ക്ലെന്‍സിങ്ങ് ഗുണങ്ങളുള്ള തുളസിവിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിനെ കുറയ്ക്കും. തുളസി ചേര്‍ത്ത ഐസ്ട്രീ കഴിക്കുന്നതും ശരീരത്തിനു തണുപ്പു നല്‍കും. തുളസിയില രാവിലെ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.

സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുന്നു – ഒരു അഡാപ്‌റ്റോജന്‍ ആയ തുളസി, കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിച്ച് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മനസിനെ ശാന്തമാക്കാനും മനോനില മെച്ചപ്പെടുത്താനും വിശ്രാന്തിയേകാനും തുളസിയിലയ്ക്ക് കഴിവുണ്ട്. സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ പതിവായി തുളസിയില കഴിച്ചാല്‍ മതി.

രോഗപ്രതിരോധ ശക്തി –  ആന്റി ഓക്‌സിഡന്റുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയ തുളസിയില, പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പതിവായി തുളസിയില  കഴിക്കുന്നത് ജലദോഷം,പനി തുടങ്ങിയ അണുബാധകളെ പ്രതിരോധിക്കുകയും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യും.

സന്ധിവേദന – തുളസിയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍, സന്ധിവേദനയും വീക്കവും കുറയ്ക്കും. സന്ധിവാതം, ഗുരതരമായ സന്ധിവേദന എന്നിവയുള്ളവര്‍ക്ക് ഇത് ഏറെ ആശ്വാസം നല്‍കും.

ശ്വസനാരോഗ്യം – ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാന്‍ തുളസിക്ക് കഴിവുണ്ട്. ശ്വാസനാളിയിലെ വീക്കം കുറയ്ക്കാനും കഫക്കെട്ട് ഇല്ലാതാക്കാനും ആസ്തമ, ബ്രോങ്കൈറ്റിസ്, ചുമ തുടങ്ങിയവയില്‍നിന്ന് ആശ്വാസമേകാനും തുളസി സഹായിക്കും.

വിഷാംശങ്ങളെ നീക്കും –  ശരീരത്തിലെ വിഷാംശങ്ങളെ നീക്കാന്‍ തുളസി സഹായിക്കും. കരളിന്റെയും വൃക്കകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് സഹായകമാണ്. തുളസിയുടെ ഈ ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തിനു സഹായിക്കുകയും ആരോഗ്യവും സൗഖ്യവും ഏകുകയും ചെയ്യും.

ദഹനം –  എളുപ്പമാക്കാന്‍ തുളസി സഹായിക്കും. ബ്ലോട്ടിങ്ങ് അഥവാ വയറുകമ്പിക്കല്‍ കുറയ്ക്കാനും ഇതിനു കഴിവുണ്ട് . തുളസിയുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉദരത്തിലെ ബാക്ടീരിയകളുടെ സന്തുലനത്തിനും അങ്ങനെ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനും സഹായിക്കും.

ഹൃദയാരോഗ്യം – ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ തുളസി, രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.