Sports

ഇന്ത്യയില്‍ ഇടിപിടിക്കാന്‍ സൂപ്പര്‍താരം ജോണ്‍സീനയും സേത്ത് റോളിന്‍സും; മെഗാതാരം ബെക്കി ലീഞ്ച് വരില്ല

ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ യിലെ സൂപ്പര്‍താരങ്ങളായളള ജോണ്‍സീനയും സേത്ത് റോളിന്‍ളസും ഇന്ത്യയില്‍ ഇടിപിടിക്കാനെത്തും പക്ഷേ വനിതകളിലെ മെഗാതാരം ബെക്കി ലീഞ്ച് ഇന്ത്യയില്‍ പെര്‍ഫോം ചെയ്യാനുണ്ടാകില്ല. 2023 സൂപ്പര്‍സ്റ്റാര്‍ സ്‌പെക്റ്റാക്കിള്‍ 2023 ഇവന്റിന്റെ ഭാഗമായി സെപ്തംബര്‍ 8 നാണ് ലോകറെസ്‌ളിംഗിലെ സൂപ്പര്‍താരങ്ങള്‍ ഇന്ത്യയില്‍ എത്തുന്നത്.

5000 സീറ്റുകള്‍ വരുന്ന ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30 യ്ക്കാണ് മാച്ച്. ജോണ്‍സീനയും സേത്ത് റോളിന്‍സും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളാണ് എത്തുന്നത്.

ഒരുദശകമായി ഡബ്‌ള്യൂ ഡബ്‌ള്യൂ ഇ രംഗത്തെ സൂപ്പര്‍താരമായ ജോണ്‍ സീന അടുത്തിടെയാണ് സ്മാക്ക് ഡൗണ്‍ റോസ്റ്ററിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് താരം എത്തുന്നത്. ലോക ഹെവി വെയ്റ്റ് ചാംപ്യന്‍ സേത്ത് റോളിന്‍സാണ് റിംഗിലെ അദ്ദേഹത്തിന്റെ പങ്കാളി. ലുഡ്‌വിംഗ് കൈസര്‍, ജിയോവാന്നി വിന്‍സി സഖ്യത്തെ ഇവര്‍ നേരിടും.

അതേസമയം ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്ന മറ്റൊരു വാര്‍ത്തകൂടിയുണ്ട്. വനിതകളിലെ മെഗാതാരം ബെക്കി ലീഞ്ച് ഇന്ത്യയില്‍ കളിക്കാനെത്തില്ല. ഡബ്‌ള്യൂഡബ്‌ള്യൂ ഇ റിംഗിലെ ഗ്‌ളാമര്‍ മുഖങ്ങളില്‍ ഒരാളാണ് ബെക്കി. താരം ഇന്ത്യന്‍ വേദിയില്‍ എത്താനിരുന്നതാണെങ്കിലും അവസാനം സംഭവിച്ച പാസ്‌പോര്‍ട്ട് പ്രശ്‌നമാണ് താരത്തിന്റെ അസാന്നിദ്ധ്യത്തിന് കാരണമായി മാറിയത്. ഇന്ത്യയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നെന്നും നിങ്ങള്‍ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ തനിക്ക് ഏറെ ആകാംഷ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉണ്ടായ ചെറിയ പ്രശ്‌നം കാരണം വിമാനത്തില്‍ കയറാനായില്ലെന്നും താരം എക്‌സില്‍ കുറിച്ചു.