‘ഓപ്പറേഷൻ സിന്ദൂറി’നെ പരിഹസിച്ച പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. ലണ്ടനിൽ നടന്ന ‘ദി ഹണ്ട്രഡ്’ 2026 ലേലത്തിൽ, തന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ലീഡ്സ് ടീമിലേക്കാണ് കാവ്യ പാക് താരത്തെ തിരഞ്ഞെടുത്തത്.
ഏകദേശം 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) അബ്രാർ അഹമ്മദിനെ കാവ്യയുടെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. മുൻപ് ഇന്ത്യൻ സൈന്യത്തെയും ‘ഓപ്പറേഷൻ സിന്ദൂറി’നെയും ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ച് പരിഹസിച്ച താരമാണ് അബ്രാർ എന്നത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ പ്രതിഷേധിക്കുന്നത്.
2025-ലെ ഏഷ്യാ കപ്പ് ടൂർണമെന്റിലും ഇന്ത്യൻ താരങ്ങളെ അനാവശ്യമായി പരിഹസിച്ച ചരിത്രം അബ്രാറിനുണ്ട്. ഈ പശ്ചാത്തലത്തിൽ ഇത്തരമൊരു താരത്തെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്ന് ആരാധകർ പറയുന്നു. “ബുദ്ധിയില്ലാത്ത സുന്ദരി” എന്നും “സൺറൈസേഴ്സിന് നാണക്കേട്” എന്നും തുടങ്ങി രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങളാണ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഉയരുന്നത്. മുംബൈ ഇന്ത്യൻസ്, ലക്നൗ സൂപ്പർ ജയന്റ്സ് തുടങ്ങിയ മറ്റ് ഐപിഎൽ ഉടമസ്ഥതയിലുള്ള ടീമുകൾ പാക് താരങ്ങളെ ഒഴിവാക്കിയപ്പോൾ കാവ്യ മാത്രം അബ്രാറിനെ തിരഞ്ഞെടുത്തത് വലിയ ചർച്ചയായിട്ടുണ്ട്.
ലേലത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ള എംഐ ലണ്ടൻ, ലക്നൗവിന്റെ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസിന്റെ സതേൺ ബ്രേവ് എന്നീ ടീമുകളും പങ്കെടുത്തിരുന്നു. എന്നാൽ ഇവരാരും പാകിസ്ഥാൻ താരങ്ങളെ സ്വന്തമാക്കിയില്ല. അതേസമയം, കാവ്യയെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയത്തേക്കാൾ ക്രിക്കറ്റിനും പ്രകടനത്തിനും മുൻഗണന നൽകാനുള്ള കാവ്യയുടെ ധൈര്യത്തെയാണ് ഇവർ പ്രശംസിക്കുന്നത്. ഒരു ‘മിസ്റ്ററി സ്പിന്നർ’ എന്ന നിലയിൽ അബ്രാറിന്റെ കഴിവ് ടീമിന് ഗുണകരമാകുമെന്നാണ് ഈ വിഭാഗത്തിന്റെ പക്ഷം. എങ്കിലും ഇന്ത്യൻ സൈന്യത്തെ അപമാനിച്ച താരത്തെ സ്വന്തമാക്കിയത് പലർക്കും ഉൾക്കൊള്ളാനായിട്ടില്ല.




