Crime

ബംഗ്ലാദേശ്: ദീപു ചന്ദ്ര ദാസിന് പിന്നാലെ മറ്റൊരു ഹിന്ദു യുവാവ് കൂടി തല്ലിക്കൊല്ലപ്പെട്ടു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ

ധാക്ക: ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജ്ബാരിയിലെ പാംഗ്ഷയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 29 വയസ്സുകാരനായ അമൃത് മണ്ഡൽ ആണ് കൊല്ലപ്പെട്ടത്. ‘സമ്രാട്ട്’ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ പാംഗ്ഷ ഉപാസിലയിലെ ഹൊസൈൻദംഗ ഓൾഡ് മാർക്കറ്റിൽ വെച്ചാണ് അമൃത് മണ്ഡലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം

അമൃത് മണ്ഡൽ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി പ്രാദേശികവാസികൾ ആരോപിച്ചതാണ് ആൾക്കൂട്ട ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസ് രേഖകൾ പ്രകാരം ‘സമ്രാട്ട് വാഹിനി’ എന്ന പ്രാദേശിക ഗുണ്ടാസംഘത്തിന്റെ തലവനായിരുന്നു ഇയാൾ. ഹൊസൈൻദംഗ ഗ്രാമവാസിയാണ് അമൃത് മണ്ഡൽ.

സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കാനും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസിനെ വിന്യസിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, ബുധനാഴ്ച രാത്രി 11 മണിയോടെ അമൃത് മണ്ഡലും സംഘവും പണം തട്ടാനായി ഷാഹിദുൽ ഇസ്ലാം എന്ന ഗ്രാമവാസിയുടെ വീട്ടിലെത്തി. വീട്ടുകാർ കവർച്ചക്കാർ വന്നുവെന്ന് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി സമ്രാട്ടിനെ പിടികൂടുകയും തല്ലിക്കൊല്ലുകയുമായിരുന്നു. മറ്റ് സംഘാംഗങ്ങൾ ഓടിരക്ഷപ്പെട്ടു.

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ബംഗ്ലാദേശിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. ഡിസംബർ 18-ന് മൈമൻസിംഗിലെ ഭാലുക്കയിൽ ദീപു ചന്ദ്ര ദാസ് എന്ന ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ദൈവനിന്ദ ആരോപിച്ചായിരുന്നു ഇയാളെ തല്ലിക്കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീയിടുകയും ചെയ്തിരുന്നു.

നിലവിൽ ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇന്ത്യ ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ദീപു ചന്ദ്ര ദാസിന്റെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബംഗ്ലാദേശ് അധികൃതരോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.