Healthy Food

വായ്‌നാറ്റം പ്രയാസപ്പെടാറുണ്ടോ? ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കുക

വായ്‌നാറ്റം കൊണ്ട് പലരും പ്രയാസപ്പെടാറുണ്ട്. പ്രണയത്തിലായിരിക്കുമ്പോഴോ, ഇന്റര്‍വ്യൂ സമയത്തോ ഒക്കെ ഇത് കൊണ്ട് പ്രയാസം അനുഭവിക്കുന്നവരെ കണ്ടിട്ടുണ്ട്. വായിലെ ഉമിനീരു കുറയുന്നതാണ് പ്രധാനമായും വായ്‌നാറ്റത്തിനു കാരണമാകുന്നത്. ഡ്രൈ മൗത്ത് എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ഇതിനു പുറമേ വായിലുണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകളും വായ നല്ല പോലെ വൃത്തിയാക്കാത്തതും ചില തരം ഭക്ഷണങ്ങളുമെല്ലാം വായ്‌നാറ്റത്തിനു കാരണമാകാറുണ്ട്. വായ്‌നാറ്റം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മധുര പാനീയങ്ങള്‍ – ദാഹിക്കുമ്പോള്‍ പലരും കുടിക്കാന്‍ തിരഞ്ഞെടുക്കുക മധുരപാനീയങ്ങള്‍ ആണ്. എന്നാല്‍, ഈ മധുര പാനീയങ്ങള്‍ സത്യത്തില്‍ വായയില്‍ ബാക്ടീരിയല്‍ ഗ്രോത്ത് ഉണ്ടാക്കുകയും ഇത് വായ്നാറ്റത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം പാനീയങ്ങള്‍ കുടിച്ചതിന് ശേഷം വായ നന്നായി കഴുകേണ്ടതാണ്.

ചായ, കാപ്പി – ചിലര്‍ അമിതമായി ചായയും കാപ്പിയും കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാല്‍, ഈ ചായയും കാപ്പിയും അമിതമായി എന്നല്ല, ഒരു ഗ്ലാസ്സ് കുടിച്ചാല്‍ പോലും അത് വായ്‌നാറ്റം ഉണ്ടാക്കുന്നുണ്ട്. പലരും ചായയോ കാപ്പിയോ കുടിച്ച് കഴിഞ്ഞാല്‍ വായ കഴുകാറില്ല. ഇത്തരത്തില്‍ വായ കഴുകാതിരിക്കുന്നത് വായ്നാറ്റം കൂട്ടുകയാണ് ചെയ്യുന്നത്.

പാല്‍ ഉല്‍പന്നങ്ങള്‍ – ചായ പോലെ തന്നെ വായ്‌നാറ്റം ഉണ്ടാക്കുന്ന മറ്റൊരു വസ്തുവാണ് പാല്‍ ഉല്‍പന്നങ്ങള്‍. പ്രത്യകിച്ച് ലാകോട്സ് ഇന്‍ടോളറന്‍സ് ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് പുളിച്ച് തേട്ടല്‍, അതുപോലെ, വായ്നാറ്റം എന്നിവ പാല്‍, തൈര്, മോര്, ചീസ് എന്നിങ്ങനെയുള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിച്ച് കഴിയുമ്പോള്‍ വരുന്നതാണ്. ചിലര്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് കാണാം. നല്ല ഉറക്കം കിട്ടാനെല്ലാം ഇത്തരത്തില്‍ ചെറു ചൂടോടു കൂടിയ പാല്‍ കുടിക്കുന്നത് നല്ലതാണ്. എന്നാല്‍, പാല്‍ കുടിച്ചതിന് ശേഷം വായ കഴുകാതെ കിടന്ന് ഉറങ്ങുന്നത് വായ്‌നാറ്റം വര്‍ദ്ധിപ്പിക്കും.

പ്രോട്ടീന്‍ റിച്ച് ഫുഡ് – നമ്മളുടെ ശരീരത്തിലെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രോട്ടീന്‍ റിച്ചായിട്ടുള്ള ആഹാരങ്ങള്‍ കഴിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, അമിതമായി പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ വായ്നാറ്റത്തിന് കാരണമാണ്. പ്രത്യേകിച്ച് ഇറച്ചി വിഭവങ്ങള്‍, ചീസ് എന്നിവയിലെല്ലാം തന്നെ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. നമ്മള്‍ കഴിച്ച ഈ ആഹാരങ്ങള്‍ ദഹിക്കുന്നതിനിടയില്‍ ഈ സള്‍ഫര്‍ കണികകള്‍ രക്തത്തില്‍ അലിഞ്ഞ് പിന്നീട് അത് വായ്നാറ്റത്തിലേയ്ക്ക് വരെ എത്തിക്കുന്നു. അതിനാല്‍, വായ്നാറ്റം ഉള്ളവര്‍ അമിതമായി പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാം. അതുപോലെ, ആഹാരം കഴിച്ച് കഴിഞ്ഞാല്‍ നന്നായി വായ കഴുകി വൃത്തിയാക്കുക.

സവാളയും വെളുത്തുള്ളിയും – സവാളയും വെളുത്തുള്ളിയുമെല്ലാം കഴിച്ചതിന് ശേഷം വായയ്ക്ക് ഒരു ചീത്ത മണം നില്‍ക്കും. അതു മാത്രമല്ല, പിന്നീട് വായ കഴുകിയില്ലെങ്കില്‍ സംസാരിക്കുമ്പോള്‍ ആ അസിഡിക് മണം മറ്റുള്ളവര്‍ക്ക് കിട്ടും. ഈ സവാളയിലും വെളുത്തുള്ളിയിലും സള്‍ഫര്‍ അടങ്ങിയിരിക്കുന്നു. ഈ സള്‍ഫര്‍ ബ്ലഡില്‍ ചേരുകയും പിന്നീട് സാവധാനത്തില്‍ നമ്മളുടെ ശ്വാസകോശത്തിലും അതുപോലെ ശ്വാസത്തിലേയ്ക്കും പടരുന്നു. ഇത്തരം പ്രവര്‍ത്തനം നടക്കുന്നതിനാലാണ് നമ്മള്‍ സവാളയും വെളുത്തുള്ളിയും കഴിച്ചതിന് ശേഷം വായ്നാറ്റം അനുഭവപ്പെടുന്നത്.