Health

കണ്ണട ധരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; കാഴ്‌ചവൈകല്യത്തിന്‌ പരിഹാരം ആയുര്‍വേദത്തില്‍

ആധുനികലോകത്ത് കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്‌. പുതിയ കണക്കുകള്‍ അനുസരിച്ച്‌ കണ്ണട ധരിച്ചാല്‍ കാഴ്‌ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തില്‍ ഏകദേശം അഞ്ചു മുതല്‍ 123 ദശലക്ഷത്തോളമുണ്ട്‌.

ശതകോടി ജനങ്ങള്‍ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്‌. കുട്ടികളിലാണ്‌ ഈ പ്രവണത കൂടുതയായി കണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ പരിഹരിക്കപ്പെടേണ്ടത്‌ ഭാവിയില്‍ കണ്ണട ആശ്രയിക്കേണ്ടിവരുന്നവര്‍ അനുഭവിക്കുന്ന സാമൂഹികവും ആരോഗ്യകരവുമായ പരാശ്രയത്തിന്‌ വിരാമമിടുന്നതിന്‌ സഹായകരമാകും.

ഇതിന്‌ ശക്‌തമായ ഒരു ബദല്‍ മാര്‍ഗം എന്ന നിലയില്‍ ആയുര്‍വേദ നേത്ര ചികിത്സ ആശാവഹമായ പരിഹാര മാര്‍ഗങ്ങള്‍ കാണിച്ചുതരുന്നു.
ലഘുവായ നേത്ര വ്യായാമമുള്‍പ്പെടെ മറ്റ്‌ ചികിത്സാമുറകള്‍ വര്‍ഷാവര്‍ഷം ചെയ്യുന്നത്‌ കാഴ്‌ച മാത്രമല്ല, നേത്രാരോഗ്യവും മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നു.

എന്താണ്‌ കാഴ്‌ചത്തകരാര്‍ ?

പ്രധാനമായും മൂന്ന്‌ രീതിയിലുള്ള കാഴ്‌ച വൈകല്യങ്ങള്‍ക്കാണ്‌ കണ്ണടയെ ആശ്രയിക്കുന്നത്‌. കണ്ണടകള്‍ കൃത്യമായ കാഴ്‌ച ഉറപ്പുവരുത്തുന്നു എന്നതിലുപരി അവയെ ഒരിക്കലും ഒരു ചികിത്സ എന്ന നിലയില്‍ കാണരുത്‌.

കാലാന്തരത്തില്‍ കണ്ണടകളുടെ ‘പവര്‍’ വര്‍ധിച്ചു വരുന്നതായി മനസിലാക്കാം. കൂടാതെ ചില അവസരങ്ങളിലെങ്കിലും തീവ്രമായ ഹ്രസ്വദൃഷ്‌ടിയിലേക്ക്‌ നയിക്കുകയും കണ്ണിനകത്തെ റെറ്റിനയെത്തന്നെ നശിപ്പിക്കുന്നതിന്‌ ഇടവരുത്തുകയും ചെയ്യുന്നു.

പ്രധാനമായും ഷോര്‍ട്ട്‌ സൈറ്റ്‌ അഥവാ ഹ്രസ്വദൃഷ്‌ടി ആണ്‌ കുട്ടികളില്‍ കണ്ടുവരുന്നത്‌. പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ കൂടുതല്‍ സമയം വീടിനകത്ത്‌ പെരുമാറുകയോ കണ്ണിനെ അടുത്ത വസ്‌തുക്കള്‍ നോക്കുന്നതിന്‌ ഉപയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട്‌ കണ്ണിന്റെ ഫോക്കല്‍ പോയന്റ്‌ റെറ്റിനയുടെ പിന്നിലേക്ക്‌ നീളുകയും അവ പരിഹരിക്കുന്നതിന്‌ കണ്ണട ആവശ്യമാവുകയും ചെയ്യുന്നു. ഇത്‌ പഠന വിധേയമാക്കിയ വസ്‌തുതയാണ്‌.

ദീര്‍ഘദൃഷ്‌ടി അഥവാ ഹൈപ്പര്‍മെട്രോപിയ. പ്രധാനമായും നേത്ര ഗോളത്തിന്റെ കൃഷ്‌ണമണിയുടെ അല്ലെങ്കില്‍ ലെന്‍സ്‌ ക്രമീകരിക്കുന്ന പേശലികളുടെ അപര്യാപ്‌തമായ വളര്‍ച്ചകൊണ്ടോ ക്ഷീണം കൊണ്ടോ സംഭവിക്കുന്നതാണ്‌.

പ്ലസ്‌ ലെന്‍സുകളാണ്‌ ഇതിന്‌ ധരിക്കുന്നത്‌. ഇവയും കാലാന്തരത്തില്‍ കണ്ണടമാറ്റുവാന്‍ സാധിക്കാതെ വരികയും ചിലപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

മൂന്നാമത്‌ അസ്‌റ്റിഗ്‌ മാറ്റിസം എന്ന തകരാര്‍ ആണ്‌. പ്രധാനമായും കൃഷ്‌ണമണിയുടെ രൂപത്തകരാര്‍ കൊണ്ട്‌ ഒരു വസ്‌തുവിന്റെ ഫോക്കസ്‌ വിവിധ ദൃശ്യങ്ങളില്‍ വിവിധ സ്‌ഥലങ്ങളില്‍ പതിക്കുന്നതാണ്‌ ഇതില്‍ സംഭവിക്കുന്നത്‌.

ഇതു കണ്ണടധരിച്ച്‌ മറികടക്കാമെങ്കിലും, ഈ മൂന്ന്‌ അവസ്‌ഥകളിലും ചെറുപ്രായത്തില്‍ത്തന്നെ അഥവാ കണ്ടുപിടിക്കപ്പെട്ട ഉടനെയുള്ള ആയുര്‍വേദ ചികിത്സയിലൂടെ വലിയൊരളവ്‌ വരെ ഫലപ്രദമായി ഭേദമാക്കാം. കണ്ണട ഒഴിവാക്കുകയും ചെയ്യാം.

എന്താണ്‌ ആയുര്‍വേദ ചികിത്സാ രീതി ?

ആധുനിക നേത്രചികിത്സ ശസ്‌ത്രക്രികളില്‍ അധിഷ്‌ഠിതമാണ്‌. എങ്കില്‍ ഔഷധങ്ങളെ ആശ്രയിച്ചുള്ള ചികിത്സയാണ്‌ ആയുര്‍വേദം അനുവര്‍ത്തിക്കുന്നത്‌.

കേവലം അര്‍മ്മഛേദനം, തിമിരം എടുത്തു കളയല്‍ എന്നീ ചുരുക്കം ശസ്‌ത്രക്രിയകള്‍ നിഷ്‌ക്കര്‍ഷിക്കുന്നതൊഴിച്ചാല്‍ ഭൂരിഭാഗം അസുഖങ്ങളും ഔഷധങ്ങള്‍കൊണ്ടും ചികിത്സാമുറകൊണ്ടുമാണ്‌ ഭേദമാകുന്നത്‌.

അര്‍ബുദം, അജക തുടങ്ങി അസാധ്യങ്ങളായ അസുഖങ്ങള്‍ പറയുന്നുണ്ടെങ്കിലും കാഴ്‌ച വൈകല്യങ്ങള്‍ വലിയൊരളവുവരെ ചികിത്സാ സാധ്യങ്ങളായി ആയുര്‍വേദം കാണുന്നു.

ത്രിഫല, (കടുക്ക, നെല്ലിക്ക, താന്നിക്ക) ജീവന്തി (അടപതിയന്‍ കിടഴങ്ങ്‌) തുടങ്ങിയവ നേത്രസംരക്ഷണത്തിന്‌ അത്യുത്തമമാണെന്ന്‌ ഏറെക്കുറെ പഴയ തലമുറക്കാര്‍ക്ക്‌ അറിയാം.

അതോടൊപ്പമോ അതിലധികമോ ഉദ്ദിഷ്‌ടഫലം തരുന്ന ചികിത്സാ രീതികളാണ്‌ തര്‍പ്പണം, പുടപാകം, നസ്യം, കഷായധാര, ശിരോവസ്‌തി, ചാക്ഷൂഷ്യവസ്‌തി, ഞവരക്കിഴി തുടങ്ങിയവ.

ഇതു കൂടാതെ ജളൂകാവചരണം, അശ്‌ച്യോതനം, അഞ്‌ജനം തുടങ്ങി മറ്റ്‌ ചികിത്സാ രീതികളും നേത്രരോഗങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ ചെയ്‌തുവരുന്നു.
ഒന്നരപതിറ്റാണ്ടായി സുദര്‍ശനത്തില്‍ ആരംഭിച്ച ഈ ചികിത്സാ രീതികള്‍ കുട്ടികളിലെ അസ്‌റ്റിഗ്മാറ്റിസം, മുതിര്‍ന്നവരിലെ നേത്രപേശികള്‍, കണ്‍പോള എന്നിവയുടെ ക്ഷീണം തുടങ്ങിയവയില്‍ വളരെ പ്രയോജനകരമായി കണ്ടിട്ടുണ്ട്‌.

പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാതെ നേത്രാരോഗ്യം നിലനിര്‍ത്തുന്നതിനും ഏതൊരാള്‍ക്കും കാഴ്‌ചശക്‌തി വര്‍ധിപ്പിക്കുന്നതിനും ആയുര്‍വേദ ചികിത്സകള്‍ കാലാകാലങ്ങളില്‍ ചെയ്യുന്നത്‌ പ്രയോജപ്രദമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *